(www.kl14onlinenews.com)
(19-Sep-2023)
നിപ പൂർണമായും ഒഴിഞ്ഞിട്ടില്ല; വ്യാപനം തടയാൻ സാധിച്ചു: പ്രതിരോധം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീഷണി പൂർണമായി ഒഴിഞ്ഞില്ലെന്നും രോഗവ്യാപനം തടയാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും നിതാന്ത ജാഗ്രതയോടെ ഇടപെട്ടു. തുടക്കത്തിൽ തന്നെ കണ്ടെത്തിയതു കൊണ്ട് അപകട സാധ്യത തടയാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപ പ്രതിരോധത്തിന് 19 ടീമുകൾ ഉൾപ്പെട്ട കോർ കമ്മിറ്റി രൂപീകരിച്ചു. 1286 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 276 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 267 പരിശോധന ഫലം വന്നു. ഒമ്പത് പേർ ഐസൊലേഷനിലാണ്. സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കും. സംസ്ഥാനത്ത് നിപ രോഗ നിർണയത്തിനായി ഇൻസ്റ്റിറ്റ്യൂട്ടുകൾ സജ്ജമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ പരിശോധന നടന്നു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിപയെ പ്രതിരോധിക്കാൻ സർക്കാർ നടത്തുന്നത് ജാഗ്രതയോടെയുള്ള പ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. മാരക പ്രഹരശേഷിയുള്ള വൈറസാണ് നിപ. നിപ പ്രതിരോധത്തിന് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു
കോഴിക്കോട് എന്തുകൊണ്ട് വിശദമായ പഠനം നടത്താൻ ICMR തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിപ രണ്ടാം തരംഗ സാധ്യത കുറവാണ്, എന്നാൽ തള്ളിക്കളയാൻ ആകില്ല. വവ്വാലുകളിൽ വൈറസ് സാനിധ്യം കണ്ടെത്തിയില്ല. എന്തുകൊണ്ട് വീണ്ടും കോഴിക്കോട് നിപ വന്നു എന്നതിനെപ്പറ്റി വിശദ പഠനം നടത്തും. സംസ്ഥാനത്ത് സീറോ സർവയലൻസ് സർവ്വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment