ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് അപകടം; അമ്മയ്ക്ക് പിന്നാലെ മൂന്നുവയസുകാരന്റെ മൃതദേഹവും കണ്ടെത്തി

(www.kl14onlinenews.com)
(04-Sep-2023)

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് അപകടം; അമ്മയ്ക്ക് പിന്നാലെ മൂന്നുവയസുകാരന്റെ മൃതദേഹവും കണ്ടെത്തി
ആലപ്പുഴ :
നാലംഗ കുടുംബം ഉള്‍പ്പെടെ 5 പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്കു മറിഞ്ഞ സംഭവത്തിൽ കാണാതായ മൂന്ന് വയസ്സുകാരൻ്റെ മൃതദേഹവും കണ്ടെത്തി. അപകടത്തില്‍ കഴിഞ്ഞ ദിവസം മരിച്ച ചെങ്ങന്നൂര്‍ വെണ്‍മണി പാറചന്ത വലിയപറമ്പില്‍ ആതിര എസ് നായരുടെ ഇളയ മകന്‍ കാശിനാഥാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മാവേലിക്കര കുന്നം ചാക്കോ റോഡില്‍ കൊല്ലകടവ് പാലത്തിനു പടിഞ്ഞാറു കല്ലിമേല്‍ ഭാഗത്തായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ വെൺമണി സ്വദേശിയായ ആതിര മരണപ്പെട്ടിരുന്നു. ഓട്ടോറീക്ഷ അപകടത്തിൽപ്പെടുന്ന സമയത്ത് ആതിരയുടെ മകൻ കാശിനാഥൻ അടക്കം അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടം നടന്നതിനു പിന്നാലെ രക്ഷസാപ്രവർത്തനത്തിലൂടെ ഇതിൽ മൂന്ന് പേരെ രക്ഷിക്കാനായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരെ രക്ഷപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ് (അനു 43), മകള്‍ കീര്‍ത്തന (11), ഓട്ടോറിക്ഷ ഡ്രൈവര്‍ വെണ്‍മണി പ്ലാവുനില്‍ക്കുന്നതില്‍ ലെബനോയില്‍ സജു (45) എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. എന്നാല്‍ ആതിര അപകടത്തില്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. അതേസമയം മൂന്ന് വയസുകാരനായ കാശിനാഥനെ കണ്ടെത്താനായില്ല. കുട്ടിയ്ക്കായി പ്രദേശത്ത് തിരച്ചിൽ തുടർന്നു വരുന്നതിനിടയിലാണ് ഇന്നുരാവിലെ മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയോടെ നദിയിലെ ഒഴുക്ക് വർദ്ധിക്കുകയായിരുന്നു. ഒഴുക്കു ശക്തമായതിനാല്‍ രാത്രി ഒന്‍പതോടെ കാശിനാഥിനായുള്ള തിരച്ചില്‍ രക്ഷാപ്രവർത്തകർ അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ തിരിച്ചിൽ പുനരാരംഭിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഷെെലേഷും കുടുംബവും ഓണാഘോഷവുമായി ബന്ധപ്പെട്ട് കരയംവട്ടത്തു നിന്നു വെണ്‍മണിയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് ഓട്ടോറീക്ഷ അപകടത്തിൽപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ പ്രദേശത്തു വലിയ രീതിയിൽ മഴ പെയ്യുകയായിരുന്നു എന്നാണ് വിവരം.

ഓട്ടോറീക്ഷ നദിയിലേക്ക് മറിഞ്ഞ വാർത്തയറിഞ്ഞെത്തിയ നാട്ടുകാരാണ് ആറ്റില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്താനാരംഭിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന ഷൈലേഷ്, കീര്‍ത്തന, സജു എന്നിവരെ രക്ഷാപ്രവർത്തകർ അപ്പോർത്തന്നെ കരയ്‌ക്കെത്തിച്ചിരുന്നു. അതിനു ശേഷമാണ് ആതിരയും കാശിനാഥും ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്. തുടർന്ന് അവർ വീണ്ടും ആറ്റിലേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം തുടരുകയായായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആതിരയെ കണ്ടെത്തിയിരുന്നു. കരയിലെത്തിച്ച ആതിരയെ ഉടൻതന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരന്നു. 

നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് രാത്രിയോടെ പൊലീസ് സ്‌കൂബ ടീമിനെ വരുത്തി തിരിച്ചിൽ ശക്തമാക്കി. സ്കൂബ ടീമിനൊപ്പം അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണു ഇന്നു രാവില മുതൽ കാശിനാഥിനായി തിരച്ചില്‍ നടത്തിയത്. രാവിലെ നടന്ന തിരച്ചിലിൻ്റെ ആദ്യ ഘട്ടത്തിൽത്തന്നെ കാശിനാഥൻ്റെ മൃതദേഹം ലഭിക്കുകയായിരുന്നു.

Post a Comment

Previous Post Next Post