(www.kl14onlinenews.com)
(31-Aug-2023)
കാസർകോട്: കുമ്പള
പൊലീസ് അനാസ്ഥ മൂലം ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്‌കൂൾ വിദ്യാർഥി ഫറാസ് മരണപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻഹാജി ആവശ്യപ്പെട്ടു.
ഓണാഘോഷത്തിൽ പങ്കെടുത്ത് ജുമുഅ നമസ്കാരത്തിന് കൂട്ടുകാരോടൊപ്പം കാറിൽ പള്ളിയിൽ പോവുന്നതിനിടെ പൊലീസ് കൈകാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും നിർത്തിയപ്പോൾ ഡോറിലേക്ക് ചവിട്ടി മർദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.
പേടിച്ച് വിരണ്ട കുട്ടികൾ കാറോടിച്ച് പോകവെ പൊലീസ് ആറ് കിലോമീറ്ററോളം പിന്തുടരുന്നതിനിടയിലാണ് നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞത്. പരിക്കേറ്റ കുട്ടികൾ മംഗളൂരുവിൽ ചികിത്സ തേടിയെങ്കിലും ഫറാസ് മരണപ്പെട്ടു. സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടിക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൊലീസ് പിന്തുടരുന്നതിനിടയിൽ അപകടം സംഭവിച്ചു മരിച്ച ഫറാസിന്റെ വീട് സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ, കെ.ആർ. ജയാനന്ദ, പി. രഘുദേവൻ മാസ്റ്റർ, പ്രദീപ് എന്നിവർ സന്ദർശിച്ചു. പൊലീസിന്റെ വീഴ്ചയിൽ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് മേധാവികളുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ബാലകൃഷ്ണൻ മാസ്റ്റർ കുടുംബത്തിന് ഉറപ്പ് നൽകി.
ഫർഹാസിന്റെ മരണം; എസ്ഐയാണു സംഭവത്തിനു തുടക്കമിട്ടതെന്ന് ബന്ധു; നാടാകെ പ്രതിഷേധം
നീതി ലഭിച്ചില്ലെങ്കിൽ കോടതിയിൽ: ഫർഹാസിന്റെ ബന്ധു
കുമ്പള :ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ചു സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുമെന്ന്, മരിച്ച ഫർഹാസിന്റെ ബന്ധു റഫീഖ് കണ്ണൂർ പറഞ്ഞു. പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയതാണെന്ന പ്രചരണം ശരിയല്ല. സ്കൂളിൽ നിന്നു പള്ളിയിലേക്കു വരുന്ന വഴിയിൽ നിർത്തിയിട്ട കാറിൽ ഇവിടെയിറങ്ങിയ എസ്ഐ മദ്യലഹരിയിൽ ഡോറിലേക്കു ചവിട്ടുകയാണുണ്ടായത്.
കുട്ടികളിലൊരാൾ വെള്ളം വാങ്ങാൻ ഇറങ്ങുന്നതിനു കാറിന്റെ ഡോർ തുറന്നിരുന്നു. ഈ സമയം ഇവിടെയത്തിയ പൊലീസ് ‘നിങ്ങൾ അംഗടിമുഗർ സ്കൂളിലെ കുട്ടികളല്ലേ’ എന്നു ചോദിച്ചു ചീത്ത വിളിച്ചു കാറിന്റെ വാതിലിൽ ചവിട്ടി. ഇതോടെ ഭയന്ന കുട്ടികൾ കാറെടുത്തു പോകാൻ ശ്രമിക്കുമ്പോൾ റോഡിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ തട്ടി. ഇതോടെ കുട്ടികൾ വീണ്ടും പേടിച്ചു. വെപ്രാളത്തിൽ കാറെടുത്തു പോയി. 6 കിലോമീറ്ററോളം ഇടയ്ക്കിടെ അപകടമുണ്ടാകുന്ന അധികം വളവുതിരിവുകളുള്ള ഈ റോഡിലൂടെ അതിവേഗത്തിൽ പിന്തുടർന്നു.
എസ്ഐയാണു സംഭവത്തിനു തുടക്കമിട്ടതെന്നും പൊലീസ് മദ്യലഹരിയിലായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. കാർ ഓടിക്കുന്നയാൾക്കു ലൈസൻസില്ല എന്നാണു പൊലീസ് കരുതിയിരുന്നത്. ലൈസൻസും രേഖകളൊക്കെ ഉണ്ടായിരുന്നു. പൊലീസിനെതിരെ മാതാവിന്റെ പരാതിയുമായി പൊയപ്പോൾ കാസർകോട് ഡിവൈഎസ്പി പൊലീസിനെ ന്യായീകരിക്കുകയായിരുന്നെന്നും റഫീഖ് പറഞ്ഞു.
പ്രതിഷേധം ശക്തം
പ്ലസ്ടു വിദ്യാർഥി മുഹമ്മദ് ഫർഹാസ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്. പൊലീസ് പിന്തുടർന്നതാണ് അപകടത്തിനിടയാക്കിയതെന്ന വിമർശനം പ്രതിഷേധ പരിപാടികളിൽ നേതാക്കൾ ആവർത്തിച്ചു. ഇന്നലത്തെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും പങ്കെടുത്തു. ചൊവ്വാഴ്ച നടത്തിയ ഉപരോധത്തിൽ പങ്കെടുത്ത 40ലേറെ മുസ്‌ലിം ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം: എംഎൽഎ
കുമ്പള :അംഗഡിമുഗർ സ്‌കൂൾ വിദ്യാർഥി ഫർഹാസിന്റെ മരണം പൊലീസ് വാശിയുടെ പുറത്തു നടത്തിയ കൊലപാതകമാണെന്നും അപകടത്തിനു കാരണക്കാരായ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ഇപ്പോൾ പ്രഖ്യാപിച്ച ക്രൈം അന്വേഷണത്തിൽ യാതൊരു വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും എ.കെ.എം.അഷ്‌റഫ് എംഎൽഎ പറഞ്ഞു. മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പൊലീസ് സ്റ്റേഷനു മുൻപിൽ നടത്തിയ ധർണ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.
പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമ്പോൾ കാഞ്ഞങ്ങാട്ടേക്കു സ്ഥലം മാറ്റുന്നത് നടപടിയല്ല, അംഗീകാരമാണ്. ക്രൈംബ്രാഞ്ച് അന്വേഷിച്ചു നീതികരമായ നടപടിയുണ്ടാവുമെന്നും യാതൊരു പ്രതീക്ഷയുമില്ലെന്നും ഇനിയൊരു ഒരു മരണം ഇതുപോലെ ഇനി ഉണ്ടാകാതിരിക്കാൻ പ്രതികളായ പൊലീസിനെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു സർക്കാർ സംവിധാനം ഉണ്ടാക്കിയ കൊലപാതകത്തിനു നഷ്ടപരിഹാരമായി കുടുംബത്തിന് 25 ലക്ഷം രൂപ സമാശ്വാസം നൽകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.ആരിഫ്, എം.ബി.യൂസഫ്, ടി.എ.മൂസ, എം.അബ്ബാസ്, സൈഫുള്ള തങ്ങൾ, അസീസ് കളത്തൂർ, ഇർഷാദ് മൊഗ്രാൽ, അബ്ദുൽ റഹ്‌മാൻ ബന്ദിയോട്, പി.എച്ച്.ഹമീദ്, ഹാദി തങ്ങൾ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎം നേതാക്കൾ ഫർഹാസിന്റെ വീട് സന്ദർശിച്ചു
കുമ്പള :ഫർഫാസിന്റെ വീട് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, മറ്റു നേതാക്കളായ കെ.ആർ.ജയാനന്ദ, പി.രഘുദേവൻ, പ്രദീപ് എന്നിവർ സന്ദർശിച്ചു. പൊലീസിന്റെ ഭാഗത്തുള്ള വീഴ്ചയിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് മേധാവികളുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും കുടുംബത്തിന് എല്ലാ കാര്യങ്ങളിലും പാർട്ടിയുടെ പൂർണ പിന്തുണയും സഹായവും ഉണ്ടാകുമെന്നും ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു
അതേസമയം,
കുമ്പള : സ്കൂളിലെ ഓണാഘോഷ ദിവസം പൊലീസ് പിന്തുടർന്ന് അപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ പേരാൽ കണ്ണൂർ സ്വദേശിയായ ഫറാസ് എന്ന വിദ്യാർഥി മരിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ കുറ്റകൃത്യമാണെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഫറാസിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി കെ.പി. അസ്ലം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി അബ്ദുൽ ലത്തീഫ് കുമ്പള, ജില്ല കമ്മിറ്റിയംഗം സാഹിദ ഇല്യാസ്, രാമകൃഷ്ണൻ കുമ്പള, സഹീറ അബ്ദുൽ ലത്തീഫ്, വിജയ കുമാർ, വാസന്തി ഹൊസങ്കടി, ഇസ്മായിൽ മൂസ, കന്തൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
കുമ്പള: ഫറാസ് എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുനീർ കണ്ടാളം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്‌മാൻ ആരിക്കാടി, ഫാറുഖ് കോട്ട, അബ്ദുല്ല മൊഗ്രാൽ, സിദ്ദീഖ് ആരിക്കാടി, ഹനിഫ് ഉപ്പള എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി താജുദ്ദീൻ മൊഗ്രാൽ സ്വാഗതവും യൂസുഫ് ഒളയം നന്ദിയും പറഞ്ഞു.
കാസർകോട്: പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കുടുംബത്തിന് നീതി ലഭ്യമാക്കണം. പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതിരുന്നുവെന്ന കാരണത്താൽ പൊലീസ് പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്തതാണ് മരണത്തിലേക്ക് എത്തിച്ചത്. പൊലീസ് വിവേകപൂർണമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ജില്ല പ്രസിഡന്റ് സി.എ. യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ റാസിഖ് മഞ്ചേശ്വർ, എൻ.എം. വാജിദ്, റാഷിദ് മുഹിയുദ്ദീൻ, ഷാഹ്ബാസ് കോളിയാട്ട് എന്നിവർ സംസാരിച്ചു.
Post a Comment