മുഖംമൂടി ധരിച്ച് നൂറോളം കൗമാരക്കാർ ഇരച്ചെത്തി, ഐ ഫോണുകള്‍ കടത്തി, 20 പേര്‍ പിടിയില്‍ 2023

(www.kl14onlinenews.com)
(27-Sep-2023)

മുഖംമൂടി ധരിച്ച് നൂറോളം കൗമാരക്കാർ ഇരച്ചെത്തി, ഐ ഫോണുകള്‍ കടത്തി, 20 പേര്‍ പിടിയില്‍

ഫിലാഡല്‍ഫിയ: മുഖംമൂടി ധരിച്ച് ഇരച്ചെത്തിയ നൂറോളം കൗമാരക്കാർ ആപ്പിള്‍ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള കടകള്‍ കൊള്ളയടിച്ചു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം നടന്നത്. ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് തോക്ക് കണ്ടെടുത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പുറത്തുവന്ന വീഡിയോയില്‍, ആപ്പിള്‍ സ്റ്റോറിലെ ഡിസ്പ്ലേ ടേബിളുകളില്‍ ഐ ഫോണുകളും ഐ പാഡുകളും ചിതറിക്കിടക്കുന്നത് കാണാം. ആപ്പിൾ സ്റ്റോറിനു പുറമെ ഫുട്‌ലോക്കർ, ലുലുലെമൻ തുടങ്ങിയ സ്റ്റോറുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ആള്‍ക്കൂട്ടം കടകള്‍ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെക്യൂരിറ്റി ഫീച്ചറുകൾ ഉള്ളതിനാല്‍ മോഷ്ടിക്കപ്പെട്ട പല ആപ്പിൾ ഉൽപ്പന്നങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഫുട് ലോക്കര്‍ സ്റ്റോറിന് മുന്‍പിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമിക്കപ്പെട്ടു. ഈ സംഭവം അല്ലാതെ മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഫിലാഡൽഫിയ പൊലീസ് ഈ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെ ശക്തമായ നടപടി ആരംഭിച്ചു. ഇരുപതോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ദൃശ്യങ്ങള്‍ നോക്കി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. എങ്ങനെയാണ് ഇത്രയും കൌമാര പ്രായക്കാര്‍ സംഘടിച്ചെത്തിയത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സിറ്റി ഹാളിലെ സമാധാനപരമായ ഒരു പ്രതിഷേധ യോഗത്തിന് പിന്നാലെയാണ് റിട്ടൻഹൗസ് സ്‌ക്വയറിന് സമീപം കടകള്‍ കൊള്ളയടിക്കല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം ഫിലാഡൽഫിയ പൊലീസ് ഓഫീസറുടെ വെടിയേറ്റ് മരിച്ച എഡ്ഡി ഇറിസാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവര്‍ സമാധാനപരമായി പിരിഞ്ഞുപോയതിനു പിന്നാലെയാണ് കവര്‍ച്ച നടന്നത്. എന്നാല്‍ പ്രതിഷേധക്കാരല്ല ഈ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ഫിലാഡൽഫിയ പൊലീസ് ഓഫീസർ ജോൺ സ്റ്റാൻഫോർഡ് വ്യക്തമാക്കി.

Post a Comment

Previous Post Next Post