(www.kl14onlinenews.com)
(16-Sep-2023)
നിപ ആശങ്ക ഒഴിയുന്നു;11 പേരുടെ പരിശോധനാഫലം നെഗറ്റീവ്,
കോഴിക്കോട്: നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്.
ഇതുവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. രാവിലെ നിപ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇൻഡക്സ് കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മരിച്ച മരുതോങ്കര സ്വദേശിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് അദ്ദേഹത്തിന് രോഗം പിടിപെട്ടത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
24വരെ ഓൺലൈൻ ക്ലാസ് മാത്രം
നിപയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 24 വരെ ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ. പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഇതു ബാധകമാണെന്ന് കളക്ടർ എ ഗീത അറിയിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽനടന്ന യോഗത്തിലാണ് തീരുമാനം. കൈറ്റിന്റെ സഹായത്തോടെ ഓൺലൈൻ ക്ലാസ് നടത്താനുള്ള സഹായങ്ങൾ വിദ്യാഭ്യാസമന്ത്രി വാഗ്ദാനംചെയ്തു.
Post a Comment