(www.kl14onlinenews.com)
(09-Sep-2023)
മൊറോക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1000 കടന്നു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നഗരമേഖലയ്ക്ക് പുറത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, നാശനഷ്ടത്തിന്റെ തോത് കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
രാത്രി 11:11 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രാഥമിക തീവ്രത 6.8 ആയിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മൊറോക്കോയുടെ നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് ആന്‍ഡ് അലേര്‍ട്ട് നെറ്റ്വര്‍ക്ക് റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി. 19 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായും യുഎസ് ഏജന്‍സി അറിയിച്ചു. ഏകദേശം 70 കിലോമീറ്റര്‍ (43.5 മൈല്‍) തെക്ക് അറ്റ്‌ലസ് പര്‍വതനിരകളിലാണ് വെള്ളിയാഴ്ചത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തൗബ്കലിനും പ്രശസ്തമായ മൊറോക്കന്‍ സ്‌കീ റിസോര്‍ട്ടായ ഒകൈമെഡനും സമീപമാണിത്.
ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും ദുഃഖം അറിയിക്കുകയും ചെയ്തു. 'മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനയുണ്ട്. ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്', അദ്ദേഹം എക്സിൽ കുറിച്ചു.
Post a Comment