ഏഷ്യാ കപ്പില്‍ ഇന്ത്യ വീണ്ടും പാക്കിസ്ഥാനുമായി ഏറ്റുമുട്ടും; മത്സരം ഈ മാസം 10 ന് 2023

(www.kl14onlinenews.com)
(05-Sep-2023)

ഏഷ്യാ കപ്പില്‍ ഇന്ത്യ വീണ്ടും പാക്കിസ്ഥാനുമായി ഏറ്റുമുട്ടും; മത്സരം ഈ മാസം 10 ന്
ഏഷ്യാ കപ്പില്‍ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യക്ക് വീണ്ടും പാക്കിസ്ഥാനുമായി മത്സരം. ഈ മാസം 10 നാണു സൂപ്പര്‍ ഫോറിലെ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. കാന്‍ഡിയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇന്ത്യ-പാക് മത്സരവേദി ഹംബന്‍ടോട്ടയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

10ന് പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യക്ക് 12ന് ശ്രീലങ്കയെയോ അഫ്ഗാനിസ്ഥാനെയോ നേരിടണം. ഇന്ന് നടക്കുന്ന അഫ്ഗാന്‍-ശ്രീലങ്ക പോരാട്ടത്തിലെ വിജയികളായിരിക്കും സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ അഫ്ഗാന് ഇന്ന് വമ്പന്‍ ജയം നേടിയാല്‍ മാത്രമെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്താനാവു.

അതേസമയം അഫ്ഗാനെതിരെ ഇന്ന് തോറ്റാലും ശ്രീലങ്കക്ക് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ വെക്കാം. ശ്രീലങ്കക്ക് +0.951 ഉം രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് +0.373 ഉം നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാന് -1.780 നെറ്റ് റണ്‍ റേറ്റാണുള്ളത്. സൂപ്പര്‍ ഫോറില്‍ 15ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. സൂപ്പര്‍ ഫോറില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിലെത്തുക.

Post a Comment

Previous Post Next Post