തുടര്‍ച്ചയായി 10 ഓവറും ബൗൾ ചെയ്യാമെന്ന് സിറാജ് പറഞ്ഞു, പക്ഷെ അയാള്‍ തടഞ്ഞു; വെളിപ്പെടുത്തി രോഹിത് ശർമ

(www.kl14onlinenews.com)
(18-Sep-2023)

തുടര്‍ച്ചയായി 10 ഓവറും ബൗൾ ചെയ്യാമെന്ന് സിറാജ് പറഞ്ഞു, പക്ഷെ അയാള്‍ തടഞ്ഞു; വെളിപ്പെടുത്തി രോഹിത് ശർമ
കൊളംബോ: ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് ഫൈനലില്‍ ഒരോവറില്‍ നാലു വിക്കറ്റ് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് കൂടുതല്‍ ഓവറുകള്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരായ ഫൈനലില്‍ തുടര്‍ച്ചയായി ഏഴോവറുകള്‍ എറിഞ്ഞ സിറാജിനെ മാറ്റി കുല്‍ദീപ് യാദവിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും രോഹിത് ബൗള്‍ ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

മൂന്നോവറില്‍ മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് ലങ്കന്‍ വാലറ്റത്തെ എറിഞ്ഞിടുകയും ചെയ്തു. ഏഴോവര്‍ തുടര്‍ച്ചയായി എറിഞ്ഞ് ആറ് വിക്കറ്റെടുത്ത സിറാജ് വീണ്ടും ബൗള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് എന്നോട് പറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ട്രെയിനറുടെ സന്ദേശം എത്തി. സിറാജിനെക്കൊണ്ട് ഇനി ബൗള്‍ ചെയ്യിക്കരുതെന്ന്. അതുകൊണ്ടാണ് ഏഴോവറിനുശേഷം കുല്‍ദീപ് യാദവിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും പന്തെറിയാന്‍ വിളിച്ചതെന്നും രോഹിത് മത്സരശേഷം പറഞ്ഞു.

സിറാജിനൊപ്പം ന്യൂ ബോള്‍ പങ്കിട്ട ജസ്പ്രീത് ബുമ്ര തുടര്‍ച്ചയായി അഞ്ചോവര്‍ എറിഞ്ഞിരുന്നു. ആദ്യ ഓവറിലെ വിക്കറ്റ് വീഴ്ത്തി ബുമ്രയെ പതിനൊന്നാം ഓവറില്‍ മാറ്റിയാണ് ഹാര്‍ദ്ദിക്കിനെ രോഹിത് ബൗള്‍ ചെയ്യാന്‍ വിളിച്ചത്. എന്നാല് മറുവശത്ത് സിറാജ് രണ്ടോവര്‍ കൂടി പന്തെറിഞ്ഞു.

ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ തന്‍റെ ആദ്യ ഓവര്‍ സിറാജ് മെയ്ഡനാക്കിയിരുന്നു. പിന്നീട് തന്‍റെ രണ്ടാം ഓവറിലാണ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തി ലങ്കയെ ഞെട്ടിച്ചത്. ആദ്യ പന്തില്‍ പാതും നിസങ്കയെ പോയന്‍റില്‍ രവീന്ദ്ര ജഡേജയുടെ കൈകകളിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. മൂന്നാം പന്തില്‍ സമരവിക്രമയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. നാലാം പന്തില്‍ ചരിത് അസലങ്കയെ ഷോര്‍ട്ട് കവറില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ച് സിറാജ് ഹാട്രിക്കിന് അടുത്തെത്തി.

എന്നാല്‍ അഞ്ചാം പന്ത് ധനഞ്ജയ ഡിസില്‍വ ബൗണ്ടറി കടത്തി സിറാജിന് ഹാട്രിക്ക് നിഷേധിച്ചു. അവസാന പന്തില്‍ പ്രതികാരം വീട്ടിയ സിറാജ് ധനഞ്ജയ ഡിസില്‍വയെ വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. തന്‍റെ മൂന്നാം ഓവറില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകെയെ ക്ലീന്‍ ബൗള്‍ഡാക്കിയ സിറാജ് തന്‍റെ ആറാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെയും ബൗള്‍ഡാക്കി ആറ് വിക്കറ്റ് തികച്ചു. ഇതിനുശേഷം ഒരോവര്‍ കൂടി എറിഞ്ഞപ്പോഴാണ് രോഹിത് സിറാജിനെ മാറ്റി കുല്‍ദീപിനെ പന്തേല്‍പ്പിച്ചത്.

Post a Comment

أحدث أقدم