കിങ്ങായി ബ്രാൻഡൺ; 5–ാം ട്വന്റി20യിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് വിൻഡീസ്; പരമ്പര സ്വന്തമാക്കി

(www.kl14onlinenews.com)
(14-Aug-2023)

കിങ്ങായി ബ്രാൻഡൺ;
5–ാം ട്വന്റി20യിൽ
ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് വിൻഡീസ്; പരമ്പര സ്വന്തമാക്കി
ലോഡർഹിൽ (ഫ്ലോറിഡ): ടെസ്റ്റ്, ഏകദിന പരമ്പരകൾക്കൊപ്പം ട്വന്റി20 പരമ്പരയും സ്വന്തമാക്കാമെന്ന ടീം ഇന്ത്യയുടെ ആഗ്രഹത്തിനു മേൽ ബ്രണ്ടൻ കിങ്ങും (55 പന്തിൽ 85 നോട്ടൗട്ട് ) നിക്കൊളാസ് പുരാനും (35 പന്തിൽ 47) പറ‍ന്നിറങ്ങിയപ്പോൾ 5–ാം മത്സരവും ട്വന്റി20 പരമ്പരയും വെസ്റ്റിൻഡീസ് ഇങ്ങെടുത്തു! പരമ്പര നിർണയിക്കുന്ന മത്സരത്തിൽ ‘പതിവുതെറ്റിക്കാതെ’ ഇന്ത്യൻ ബാറ്റിങ് നിര കളി മറന്നപ്പോൾ 7 വർഷത്തിനു ശേഷം ഇന്ത്യയ്ക്കെതിരെ ഒരു ട്വന്റി20 പരമ്പരയെന്ന വിൻഡീസ് മോഹം ഫ്ലോറിഡയിലെ ലോ‍ഡർഹിൽ സ്റ്റേഡിയത്തിൽ പൂവണിഞ്ഞു. 8 വിക്കറ്റിനാണ് 5–ാം ട്വന്റി20യിൽ വെസ്റ്റിൻഡീസ് ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 9ന് 165. വെസ്റ്റിൻ‍ഡീസ് 18 ഓവറിൽ 2ന് 171. 4 വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേഡാണ് പ്ലെയർ ഓഫ് ദ് മാച്ച്. നിക്കൊളാസ് പുരാനാണ് പരമ്പരയുടെ താരം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വിൻഡീസ് സ്പിന്നർ അകീൽ ഹുസൈൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (5) നഷ്ടമായി. മൂന്നാം ഓവറിൽ ശുഭ്മൻ ഗില്ലിനെയും (9) മടക്കിയ അകീൽ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടുകെട്ടുമായി തിലക് വർമ (18 പന്തിൽ 27), സൂര്യകുമാർ യാദവ് (44 പന്തിൽ 61) സഖ്യം വലിയ പരുക്കുകളില്ലാതെ ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. എട്ടാം ഓവറിലെ അവസാന പന്തിൽ ഉജ്വലമായ ഒരു റിട്ടേൺ ക്യാച്ചിലൂടെ തിലകിനെ മടക്കിയ റോസ്ടൻ ചേസ് വിൻഡീസിന് വീണ്ടും മേൽക്കൈ നൽകി. അഞ്ചാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ (9 പന്തിൽ 13) വീണ്ടും നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

മറുപടി ബാറ്റിങ്ങിൽ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കൈൽ മെയേഴ്സിനെ (5 പന്തിൽ 10) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 107 റൺസ് കൂട്ടുകെട്ടുമായി ബ്രണ്ടൻ കിങ്– നിക്കൊളാസ് പുരാൻ സഖ്യം വിൻഡീസിനെ വിജയത്തിലേക്കു നയിച്ചു. 5 ഫോറും 6 സിക്സും അടങ്ങുന്നതാണ് കിങ്ങിന്റെ ഇന്നിങ്സ്. പുരാൻ ഒരു ഫോറും 4 സിക്സും നേടി.

Post a Comment

Previous Post Next Post