(www.kl14onlinenews.com)
(27-Aug-2023)
ഏഷ്യ കപ്പ്: പാക്കിസ്ഥാനെതിരെ ശ്രേയസ് അയ്യര്‍ കളിച്ചേക്കും; ആദ്യ മത്സരങ്ങളിൽ രാഹുൽ ഇല്ല
ബെംഗളൂരു:ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മധ്യനിര താരം ശ്രേയസ് അയ്യര്‍ കളിച്ചേക്കും. പരുക്കിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്ത ശ്രേയസ്, കായികക്ഷമതാ പരിശോധന വിജയിച്ചതായി ബിസിസിഐ അറിയിച്ചു. ഏഷ്യാ കപ്പില്‍ നാലാം നമ്പറില്‍ ശ്രേയസ് ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടിനാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ മത്സരം.
അതേസമയം വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്‍റെ ഫിറ്റ്‌നസ് കാര്യം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പാക്കിസ്ഥാനും നേപ്പാളിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. പ്രാക്‌ടീസ് സെഷനുകളില്‍ മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. എന്നാൽ 100 ശതമാനം കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഐപിഎല്ലിനിടെ കാലിനേറ്റ പരുക്കിന് ശേഷം രാഹുല്‍ ഇതുവരെ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് ശ്രേയസിന് പരുക്കേറ്റത്. ഇരുവരും ശസ്ത്രക്രിയകള്‍ക്ക് വിധേയരായിരുന്നു.
റിസർവ് താരമായി മലയാളി താരം സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്. ശ്രീലങ്കയിലെത്തിയ ശേഷം കാന്‍ഡിയില്‍ സെപ്റ്റംബര്‍ ഒന്നാം തിയതി നടക്കുന്ന അവസാന പരിശീലന സെഷന് ശേഷമാകും പാകിസ്ഥാനെതിരായ പ്ലേയിംഗ് ഇലവനെ ഇന്ത്യ തീരുമാനിക്കുക.
അഫ്ഗാനിസ്ഥാനെ 3–0ന് തകര്‍ത്തതോടെ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരെന്ന മേല്‍വിലാസത്തോടെയാണ് പാക്കിസ്ഥാന്റെ വരവ്. നാല് മല്‍സരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാകുമ്പോള്‍ ഫൈനല്‍ അടക്കം ഒന്‍പത് മല്‍സരങ്ങള്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയില്‍ നടക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവര്‍ ആദ്യ ഗ്രൂപ്പിലും ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ രണ്ടാം ഗ്രൂപ്പിലും മല്‍സരിക്കും. ഇരുഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേയ്ക്ക് യോഗ്യത നേടും. സെപ്റ്റംബര്‍ 17നാണ് ഫൈനല്‍.
Post a Comment