(www.kl14onlinenews.com)
(Aug -09-2023)
ഗയാന : ഏകദിനത്തിലും ടി20 യിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ എത്താമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്ന സൂര്യകുമാര്‍ യാദവ് ഇന്നലെ വിന്‍ഡീസിനെതിരായ മൂന്നാം ടി20യിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ സാധ്യതാ താരങ്ങളുടെ പട്ടികയില്‍ വീണ്ടും മുന്‍നിരയിലേക്ക്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 44 പന്തില്‍ 83 റണ്‍സെടുത്ത സൂര്യയുടെ ഇന്നിംഗ്സാണ് വിന്‍ഡീസിനെതിരെ ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.
ഇതിന് മുമ്പ് നടന്ന ഏകദിന പരമ്പരയിലും ആദ്യ രണ്ട് ടി20യിലും തിളങ്ങാന്‍ സൂര്യക്കായിരുന്നില്ല. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയതോടെ ലോകകപ്പ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണിന്റെ പേര് വീണ്ടും സജീവമാകുകയും ചെയ്തു. എന്നാല്‍ സഞ്ജുവും സൂര്യയും ആദ്യ രണ്ട് ടി20കളില്‍ പരാജയപ്പെടുകയും തിലക് വര്‍മ തിളങ്ങുകയും ചെയ്തതോടെ ലോകകപ്പ് ടീമില്‍ മധ്യനിരയിലേക്ക് സൂര്യക്കും സഞ്ജുവിനും പകരം തിലകിനെ പരീക്ഷിക്കണമെന്നുപോലും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ മൂന്നാം ടി20യില്‍ സൂര്യ വെടിക്കെട്ട് അര്‍ധസെഞ്ചുറിയോടെ ഫോമിലേക്ക് മടങ്ങിയെത്തുകയും തിലക് വീണ്ടും ബാറ്റിംഗില്‍ തിളങ്ങുകയും സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഏഷ്യാ കപ്പ്, ലോകകപ്പ് സാധ്യതാ താരങ്ങളില്‍ സഞ്ജു വീണ്ടും പിന്‍ സീറ്റിലായി.
വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ടി20യിലും സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നു. ആദ്യ മത്സരത്തില്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയും രണ്ടാം മത്സരത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകയും ചെയ്തതോടെ ഇന്നലെ നടന്ന മൂന്നാം മത്സരം സഞ്ജുവിന്റെ ലോകകകപ്പ്, ഏഷ്യാ കപ്പ് സാധ്യതകള്‍ക്ക് നിര്‍ണായകമായിരുന്നു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 121 റണ്‍സില്‍ സൂര്യകുമാറിന്റെ വിക്കറ്റ് നഷ്ടമാവുമ്പോള്‍ സഞ്ജു ക്രീസിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സഞ്ജുവിനെ ആറാമനാക്കി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ക്രീസിലിറങ്ങിയത്. ഇതോടെ സഞ്ജുവിന് ബാറ്റിംഗിന് അവസരം കിട്ടിയില്ല.
വിന്‍ഡീസിനെതിരായ അവസാന രണ്ട് ടി20കളില്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമോ അതോ ഇഷാന്‍ കിഷന്‍ തിരിച്ചെത്തുമോ എന്ന് കാത്തിരുന്ന് കാണേമ്ട കാര്യമണ്. ഏഷ്യാ കപ്പിന് മുമ്പ് ഫോം തെളിയിക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും വിന്‍ഡീസിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങള്‍. ഈ മാസം 18ന് തുടങ്ങുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടെങ്കിലും ആ പരമ്പരക്ക് മുമ്പെ ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങിയാലും സഞ്ജുവിന് ലോകകപ്പ് ടീമില്‍ മാത്രമെ ഇനി പ്രതീക്ഷ വെക്കാനാവു.
Post a Comment