കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു; പൊലീസിനെതിരെ പ്രതിഷേധം ശക്തം

(www.kl14onlinenews.com)
(29-Aug-2023)

കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു; പൊലീസിനെതിരെ പ്രതിഷേധം ശക്തം

കാസർകോട് :കുമ്പളയിൽ കാർ മറിഞ്ഞു പരുക്കേറ്റ വിദ്യാർഥി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി ഫർഹാസ് (17) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാർ മറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസ്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോ‌വുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കുട്ടികൾ പേടിച്ചാണു വാഹന ഓടിച്ചതെന്നും പിന്നാലെ പൊലിസ് വണ്ടിയുമുണ്ടായിരുന്നെന്നാണ് ആരോപണം. ഏകദേശം ആറു കിലോമീറ്ററോളം പിന്നിട്ടപ്പോൾ കാറിന്റെ നിയന്ത്രണം തെറ്റുകയും വണ്ടി കള്ളത്തുർ എന്ന സ്ഥലത്തു തലകീഴായി മറിയുകയും ചെയ്തു. ഫർഹാസിനെ കൂടാതെ കാറിൽ നാലു കൂട്ടികളും കൂടി ഉണ്ടായിരുന്നു. ഇവർക്കു നിസാര പരിക്കുകളുണ്ട്.

അതേസമയം,
പൊലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാർ മറിയുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന സിസിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസ് പിന്തുടർന്ന കാർ നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു. നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്നായിരുന്നു പൊലീസ് കാർ പിന്തുടർന്നത്. ഫർഹാസായിരുന്നു കാർ ഓടിച്ചിരുന്നത്.

സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എകെഎം അഷ്റഫ് എംഎല്‍എ ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു. 'നാടിന്റെയും നാട്ടുകാരുടേയുമൊക്കെ പ്രാർത്ഥനകൾ വിഫലമാക്കി പ്രിയപ്പെട്ട ഫർഹാസ്‌ മോൻ നമ്മെ വിട്ടു പിരിഞ്ഞു.

മൂന്ന് ദിവസം മുൻപ് പോലീസ് പിന്തുടരുന്നതിനിടെ അപകടത്തിൽ പെട്ട് മംഗലാപുരത്തെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പേരാൽ കണ്ണൂരിലെ പരേതനായ അബ്ദുല്ലയുടെ മകനും അംഗഡിമുഗർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയുമായ ഫർഹാസ്‌ ‌ മരണപ്പെട്ടുവെന്ന സങ്കടകരമായ വാർത്തയാണ് ഇന്ന് രാവിലെ തന്നെ കേൾക്കേണ്ടി വന്നത്.' എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

അംഗഡിമുഗർ ഗവഃഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ഒരു വിദ്യാർത്ഥി കാറുമായി എത്തുകയും സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസുകാർ എത്തി വിദ്യാർത്ഥികളെ കണ്ടപ്പോൾ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർഥികൾ കാറെടുത്ത് ഓടുകയായിരുന്നുവെന്നും എംഎല്‍എ പറയുന്നു.

അതിവേഗത്തിൽ ചേസ് ചെയ്തു പോലീസ് വാഹനവും പിന്നാലെ കൂടി. ഇതോടെ വെപ്രാളത്തിൽ ഓടിയ വണ്ടി 6-7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ഡ്രൈവറിനടുത്തായി മുൻ സീറ്റിലുണ്ടായിരുന്ന പേരാൽ കണ്ണൂരിലെ ഫർഹാൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. സ്‌പൈനൽ കോഡ് തകർന്ന കുട്ടിയുടെ ശരിയായ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് തന്നെ പ്രതീക്ഷയില്ലാത്ത സ്ഥിതിയിലായിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

മംഗലാപുരത്തെ ഫസ്റ്റ് ന്യൂറോ കഴിയുകയായിരുന്ന അപകടത്തിൽ പെട്ട വിദ്യാർത്ഥിയെ ഇന്നലെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഹോസ്പിറ്റലിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന അംഗഡിമുഗർ സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി ടീച്ചറും ഫസീല ടീച്ചറും "ക്‌ളാസിൽ ഏറ്റവും സാധുവായ കുട്ടിയാണ് ഫർഹാൻ എന്നും ഒന്ന് ആഞ്ഞ്‌ ശബ്ദിച്ചാൽ പേടിച്ചിരിക്കുന്ന മോനാണിതെന്നും" പറഞ്ഞു കണ്ണ് നീരോടെയാണ് പറഞ്ഞു തീർത്തത്, തീവ്ര പരിചരണ വിഭാഗത്തിലുള്ള ഫർഹാനെ കണ്ടപ്പോൾ-"എനിക്ക് ഇവിടെ കിടക്കാൻ ആവുന്നില്ലെന്നും, എന്നെ ഡിസ്ചാർജ്ജ് ചെയ്തു വീട്ടിലേക്ക് വിടുവാൻ പറയ് എന്നും, എന്റെ ഉമ്മയെ വിളിക്കെന്നും" പറഞ്ഞപ്പോള്‍ നെഞ്ചിനകത്ത് വല്ലാത്ത വീർപ്പ് മുട്ടലും സങ്കടവും അലതല്ലുന്നുണ്ടായിരുന്നു.

വാശിയുടെ പുറത്ത് പിന്നാലെ അമിതവേഗത്തിൽ ഓടിച്ചത് കൊണ്ട് മാത്രമാണ് ഇന്ന് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ ഒരു കുട്ടിയെ നഷ്ടമാക്കുന്നതിന് ഇടയാക്കിയത്. ഇതിന് കാരണക്കാരായ പോലീസുകാർക്കെതിരെ ശരിയായ നിലയിൽ അന്വേഷണം നടത്തി കടുത്ത ശിക്ഷ നൽകണമെന്നും കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് രാവിലെതന്നെ കത്ത് നൽകിയിട്ടുണ്ടെന്നും എകെഎം അഷ്റഫ് കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post