(www.kl14onlinenews.com)
(26-Aug-2023)
‘വന്ദേ ഭാരതില്‍ ടിക്കറ്റില്ല, നൂതന ഗതാഗത സംവിധാനങ്ങള്‍ കേരളത്തിന് ആവശ്യം’; കെ റെയിലിനെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നൂതന ഗതാഗത സംവിധാനങ്ങള്‍ കൊണ്ടു വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേ ഭാരതിലെ തിരക്കും ടിക്കറ്റ് ലഭ്യതയില്ലായ്മയും ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. യാത്ര സമയം ഏറ്റവും കൂടുതല്‍ വരുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശിയ ശരാശരിയെ അപേക്ഷിച്ച് 40 ശതമാനത്തോളം താഴെയാണ്. പല കാര്യങ്ങളിലും മുന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നമ്മള്‍ പിറകിലാണ്. ഇവിടെ ആധുനിക സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍. അതിനായി നൂതന സംവിധാനങ്ങള്‍ പ്രകൃതി സൗഹൃദമായി ഒരുക്കേണ്ടതുണ്ട്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“ഇത്തരം സംവിധാനങ്ങള്‍ ആര്‍ക്കാണ് വേണ്ടതെന്ന് ചില കോണുകളില്‍ നിന്ന് ചോദ്യങ്ങളുയരുന്ന കാലം കൂടിയാണിത്. എത്ര പേരാണ് യാത്ര ചെയ്യുക, എന്തിനാണ് അതിനായി പണം ചെലവഴിക്കുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. അവ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാമോ ആ ശ്രമങ്ങളെല്ലാം ഇവര്‍ നടത്തുകയാണ്,” മുഖ്യമന്ത്രി വിമര്‍ശിച്ചു.
“കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് വന്ദേഭാരത് ട്രെയിന്‍ ഇവിടെ ഓടിത്തുടങ്ങിയത്. ഇപ്പോഴുള്ള സ്ഥിതി അതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ആളുകള്‍ ദിവസവും ഈ വേഗതയേറിയ സംവിധാനം ഉപയോഗിക്കുകയാണ്. സംസ്ഥാനം നൂതനഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് ചിന്തിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്,” മുഖ്യമന്ത്രി വ്യക്തമാക്കി.
Post a Comment