(www.kl14onlinenews.com)
(10 -Aug-2023)
തിരുവനന്തപുരം: ക്രൂരമായ പൊലീസ് മർദ്ദനമാണ് താമിറിന് നേരിടേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കില്ലിംഗ് സ്ക്വാഡാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താനൂർ കസ്റ്റഡി മരണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
'വേണ്ടപ്പെട്ട ആർക്കെതിരെയും പൊലീസ് കേസെടുക്കില്ല. ആലപ്പുഴയിൽ സ്ത്രീകളെ അപമാനിച്ച സിപിഐഎമ്മുകാർക്കെതിരെ കേസ് ഇല്ല. പരാതികൾ പാർട്ടി മാത്രം അന്വേഷിച്ചാൽ മതിയെങ്കിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഡിജിപിയായും, ആലപ്പുഴ പാർട്ടി സെക്രട്ടറിയെ എസ്പിയായും നിയമിക്കണം. താമിർ ജിഫ്രി കൊല്ലപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ ഇടുന്നത്. ലഹരി ഒഴുക്ക് നിയന്ത്രിക്കാനാവാത്ത സർക്കാർ അത് ഉപയോഗിക്കുന്നവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊല്ലുന്നു. ഇങ്ങനെയെങ്കിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ടോർച്ചർ മെഡിസിൻ തുടങ്ങേണ്ടി വരും. ഗൂഢസംഘമാണ് കേരള പൊലീസിനെ നിയന്ത്രിക്കുന്നത്. ആഭ്യന്തര വകുപ്പിനെ സംഘം ഹൈജാക്ക് ചെയ്തു'. വിഡി സതീശൻ പറഞ്ഞു.
താനൂർ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ പ്രതിപക്ഷം ആഞ്ഞടിച്ചു. താമിർ ജിഫ്രി പൊലീസ് അതിക്രമങ്ങളുടെ അവസാന ഇരയാണെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ സഭയിൽ പറഞ്ഞു. റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന തെളിവുകൾ ഉയർത്തിയാണ് സംഭവത്തിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി എൻ ഷംസുദ്ദീൻ ആഞ്ഞടിച്ചത്. താനൂർ കസ്റ്റഡി മരണത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
إرسال تعليق