കത്രിക വയറ്റിൽ മറന്നുവച്ച സംഭവം; മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറിയെന്ന് പൊലീസ്; ഗൂഢാലോചന ആരോപിച്ച് ഹർഷിന

(www.kl14onlinenews.com)
(11-Aug-2023)

കത്രിക വയറ്റിൽ മറന്നുവച്ച സംഭവം; മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറിയെന്ന് പൊലീസ്; ഗൂഢാലോചന ആരോപിച്ച് ഹർഷിന
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് പൊലീസ്. മെഡിക്കൽ ബോർഡ് നടപടികളിലെ ഗൂഢാലോചന അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹർഷിനയും ഇന്നു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും.

മെഡിക്കൽ ബോർഡിലെ പ്രധാന അംഗമായി പരിഗണിച്ച സീനിയർ ഡോക്ടറെ മാറ്റി അവസാന നിമിഷം ജൂനിയർ കൺസൽട്ടന്‍റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിയ്ക്കാനാണെന്നാണ് സംശയം. ആവശ്യമെങ്കിൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ബോർഡിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മെഡിക്കൽ കോളജിനു മുന്നിൽ 81 ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതി തീരുമാനം

ആരോഗ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഹർഷിന പറഞ്ഞു. പൊലീസ് റിപ്പോർട്ടിൽ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ സംരക്ഷിയ്ക്കാനാണ് മെഡിക്കൽ ബോർഡ് ശ്രമിക്കുന്നതെന്നും ഹർഷിന പറഞ്ഞു. തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഹർഷിന പറഞ്ഞിരുന്നു.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുതന്നെയാണെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയിരിക്കുന്നത്. എന്നാൽ ഇത് തള്ളുകയായിരുന്നു മെഡിക്കൽ ബോർഡ്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഹർഷിന രംഗത്തെത്തിയിരുന്നു. ഡിഎംഒയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹർഷിനയെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് നീക്കിയിരുന്നു.

ഇതിനിടെ ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. രണ്ട് മെഡിക്കൽ റിപ്പോർട്ട് ആരോഗ്യ വകുപ്പ് തള്ളിയതാണ്. അതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ചികിത്സാ പിഴവ് ആരുടെ ഭാഗത്ത് നിന്നാണുണ്ടായതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. സർക്കാർ ഹർഷിനക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്.

Post a Comment

Previous Post Next Post