‘തന്റെ മരണം സംബന്ധിച്ച വ്യാജ വാര്‍ത്ത വേദനിപ്പിച്ചു, മാപ്പ് പറയണം’; സിംബാബ്‌വെ താരം ഹീത്ത് സ്ട്രീക്ക്


(www.kl14onlinenews.com)
(23-Aug-2023)

‘തന്റെ മരണം സംബന്ധിച്ച വ്യാജ വാര്‍ത്ത വേദനിപ്പിച്ചു, മാപ്പ് പറയണം’; സിംബാബ്‌വെ താരം ഹീത്ത് സ്ട്രീക്ക്

തന്റെ മരണം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തയോട് പ്രതികരിച്ച് മുന്‍ സിംബാബ്വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക്. വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തി മാപ്പ് പറയണമെന്ന് ഹീത്ത് സ്ട്രീക്ക് ആവശ്യപ്പെട്ടു.

“ഇത് തിക്കച്ചും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ്. ഈ സോഷ്യല്‍ മീഡിയ കാലത്ത് സ്ഥിരീകരിക്കപ്പെടാതെ വാര്‍ത്തകള്‍ പ്രചരിക്കുമെന്നത് എന്നെ അസ്വസ്ഥനാക്കുന്നു. വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിക്ക് ഉത്തരവാദിത്തമുണ്ട്, മാപ്പു പറയണം. ഈ വാര്‍ത്ത എന്നെ വിഷമിപ്പിച്ചു,” മിഡ് ഡേയോട് സംസാരിക്കവെ ഹീത്ത് സ്ട്രീക്ക് പറഞ്ഞു.

സ്ട്രീക്കിന്റെ മുന്‍ സഹതാരം സീന്‍ വില്യംസ് ഉള്‍പ്പടെ മരണവാര്‍ത്തയില്‍ സമൂഹ മാധ്യമമായ എക്സിലൂടെ ഞെട്ടലറിയിച്ചിരുന്നു. “സ്ട്രീക്കി, താങ്കളും കുടുംബവും എനിക്കും മറ്റുള്ളവര്‍ക്കും ചെയ്ത സഹായങ്ങള്‍ പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. കുടുംബത്തെ ഒറ്റക്കാക്കിയുള്ള നിങ്ങളുടെ യാത്ര ഹൃദയം തകര്‍ക്കുന്നു. റെസ്റ്റ് ഇന്‍ പീസ്, സ്ട്രീക്കി,” സീന്‍ കുറിച്ചു.

സീനിന്റെ പോസ്റ്റിന് പിന്നാലെ മുന്‍താരം ഹെന്‍റി ഒലങ്കയും അനുശോചനം അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം സ്ട്രീക്ക് ഹീത്ത് ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും സ്ഥിരീകരിച്ചു.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ കുടുംബം മേയില്‍ അറിയിച്ചിരുന്നു. 2005-ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹീത്ത് സ്ട്രീക്ക് ടെസ്റ്റില്‍ 1990 റണ്‍സും 216 വിക്കറ്റും നേടി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 2943 റണ്‍സും 239 വിക്കറ്റും താരം നേടി.

Post a Comment

Previous Post Next Post