(www.kl14onlinenews.com)
(11-Aug-2023)
ന്യൂഡല്‍ഹി: മതഘോഷയാത്രയ്ക്കിടെ നൂഹിലുണ്ടായ സംഘര്‍ഷങ്ങളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ രാജ് കുമാര്‍ (ബിട്ടു ബജ്റംഗി) അറസ്റ്റില്‍. നൂഹ് പൊലീസിന്റെ സിഐഎ ടീമാണ് രാജ് കുമാറിനെ ഫരീദാബാദിലുള്ള വീട്ടില്‍ നിന്ന് പിടികൂടിയത്.
എ എസ് പി ഉഷ കുണ്ടുവിന്റെ പരാതിയില്‍ സദാര്‍ പൊലീസ് സ്റ്റേഷനില്‍ രാജ് കുമാറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി നൂഹ് പൊലീസ് അറിയിച്ചു. ആക്രമണം, ക്രിമിനൽ ബലപ്രയോഗം, കലാപം, ആയുധ നിയമത്തിലെ സെക്ഷൻ 25 എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഘര്‍ഷം നടന്ന ജൂലൈ 31-ന് രാവിലെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ട് രാജ് കുമാറിനെ പൊലീസ് ഈ മാസം ആദ്യം അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. കേസില്‍ ഐപിസി സെക്ഷന്‍ 295 എ പ്രകാരം ദബുവ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നൂഹിലും ഗുഡ്ഗാവിലും ആറുപേരുടെ മരണത്തിനിടയാക്കിയ അക്രമത്തെക്കുറിച്ച് സിഐഎ സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് രാജ് കുമാറിന്റെ പേരില്‍ ജില്ലയിൽ ഒന്നിലധികം കേസുകളുള്ളതായാണ് വിവരം. ഈ സംഭവങ്ങളിൽ, ഫരീദാബാദിലെ ദൗജ്, മുജേസർ പോലീസ് സ്റ്റേഷനുകളിൽ ഒരു പ്രത്യേക സമുദായത്തിനെതിരെ അധിക്ഷേപിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോകൾ ശ്രദ്ധയിൽപ്പെട്ട് ഇയാൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Post a Comment