മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം; യുപിയിലെ സ്വകാര്യ സ്കൂള്‍ പൂട്ടി

(www.kl14onlinenews.com)
(27-Aug-2023)

മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം; യുപിയിലെ സ്വകാര്യ സ്കൂള്‍ പൂട്ടി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മുസാഫര്‍നഗറില്‍ മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവം നടന്ന സ്കൂള്‍ അടച്ചു. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ശുഭം ശൂക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നേഹ പബ്ലിക് സ്കൂൾ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും യുപി വിദ്യാഭ്യാസ ബോർഡിൽ നിന്ന് സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ മുതിർന്ന അധികാരികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികളെയും ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സ്കൂളിലേക്കോ ജില്ലയിലെ മറ്റ് സ്കൂളുകളിലേക്കോ മാറ്റുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

സംഭവം നടന്ന ഖുബ്ബപൂർ ഗ്രാമത്തിലെ ഏക സ്വകാര്യ സ്കൂളാണ് നേഹ പബ്ലിക് സ്കൂൾ. വർഗീയ പരാമർശങ്ങൾ നടത്തിയതിനും കുട്ടികളോട് സഹപാഠിയെ തല്ലാൻ ഉത്തരവിട്ടെന്നും ആരോപിക്കപ്പെടുന്ന അധ്യാപിക ത്രിപ്ത ത്യാഗിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ.

കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ വീഡിയോയിൽ, കരയുന്ന കുട്ടിയെ തല്ലാൻ അധ്യാപിക കുട്ടികളോട് നിര്‍ദേശിക്കുന്നത് കാണാം. “ഞാൻ പറഞ്ഞിട്ടുണ്ട്. ഈ മുസ്ലീം കുട്ടികളെല്ലാം ഏതെങ്കിലും പ്രദേശത്തേക്ക് പോകൂ,” ക്യാമറയ്ക്ക് പിന്നിലുള്ള ഒരാളോട് അവര്‍ പറയുന്നത് കേൾക്കാം.

കുട്ടിയുടെ മൊഴിയുടെയും പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ അധ്യാപികക്കെതിരെ ഐപിസി സെക്ഷൻ 323, 504 എന്നിവ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു.

യുപി സംസ്ഥാന ബോർഡിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന സ്കൂളിന് 2019-ലാണ് അഫിലിയേഷൻ ലഭിച്ചത്. നിലവില്‍ സ്കൂളിൽ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അധ്യാപികയുടെ വീട്ടിലാണ് ക്ലാസുകള്‍ നിലവില്‍ എടുക്കുന്നത്, അവിടെ വച്ചാണ് സംഭവം.

അതേസമയം,
നേരത്തെ സ്‌കൂളുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും കുട്ടിയെ സ്ഥാപനത്തില്‍ നിന്ന് പിന്‍വലിച്ചതിന്റെ ഫീസ് തിരികെ നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് കേസില്‍ പരാതി നല്‍കുന്നില്ലെന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം രാജ്യത്താകെ വിവാദമായ സാഹചര്യത്തിലാണ് കേസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ രണ്ടു മണിക്കൂറോളം അധ്യാപിക ഉപദ്രവിച്ചെന്നും കുട്ടി പേടിച്ചിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.

ഇനി സ്‌കൂളിലേക്ക് വിടേണ്ടെന്നാണ് തീരുമാനം എന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുസാഫര്‍നഗറിലെ ഖുബ്ബാപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു രാജ്യത്തെ തന്നെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ മറ്റു കുട്ടികള്‍ മുഖത്തടിച്ചിട്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

അടിയേറ്റ കുട്ടി കരയുന്നതും അതിനിടെ അധ്യാപിക കൂടുതല്‍ ശക്തിയില്‍ അടിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. കുട്ടിയെ മര്‍ദിക്കാന്‍ അധ്യാപിക തന്നെ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയായിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം സംഭവത്തില്‍ രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post