നൂതന ഗതാഗത സംവിധാനങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്‌ കേരളത്തിലെ ജനങ്ങളെന്ന്‌ മുഖ്യമന്ത്രി

(www.kl14onlinenews.com)
(26-Aug-2023)

നൂതന ഗതാഗത സംവിധാനങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്‌ കേരളത്തിലെ ജനങ്ങളെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : നൂതനമായ ഗതാഗതസംവിധാനങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്‌ കേരളത്തിലെ ജനങ്ങളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, അവ ആർക്കാണ്‌ വേണ്ടതെന്ന്‌ ചിലകോണുകളിൽനിന്ന്‌ ചോദ്യങ്ങൾ ഉയരുന്ന കാലമാണിത്‌. നൂതന ഗതാഗതസംവിധാനത്തിൽ എത്രപേരാണ്‌ യാത്ര ചെയ്യുക, എന്തിനാണ്‌ അതിനായി പണം ചെലവഴിക്കുന്നത്‌ എന്നെല്ലാം ചോദിക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്‌. അവ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ എങ്ങനെ എല്ലാം പരിഭ്രാന്തി ഉണ്ടാക്കാൻ കഴിയും ആ ശ്രമവും ഇക്കൂട്ടർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാല ഗവ. ബോയ്‌സ്‌ സ്‌കൂൾ ഗ്രൗണ്ടിൽ കെഎസ്ആർടിസി സ്വിഫ്‌റ്റിനായി തിരുവനന്തപുരം നഗരസഭയും സ്‌മാർട്ട്‌സിറ്റി കമ്പനിയും ചേർന്ന്‌ വാങ്ങി നൽകിയ 60 ഇ – ബസുകളുടെയും കെഎസ്‌ആർടിസി സ്വിഫ്‌റ്റിന്റെ രണ്ട്‌ ഹൈബ്രിഡ്‌ ബസുകളുടെയും ഫ്‌ളാഗ്‌ ഓഫ്‌ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറച്ചുമാസംമുമ്പാണ്‌ വന്ദേഭാരത്‌ ട്രെയിൻ കേരളത്തിൽ ഓടി തുടങ്ങിയത്‌. അതിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ എല്ലാവർക്കും ടിക്കറ്റ്‌ കിട്ടാത്ത അവസ്ഥയാണ്‌. അത്രയേറെ ആളുകൾ വേഗതയേറിയ സംവിധാനം ഉപയോഗിക്കുകയാണ്‌. കേരളം നൂതനഗതാഗതത്തിന്റെ കാര്യത്തിൽ എങ്ങനെയാണ് പൊതുവേ ചിന്തിക്കുന്നതെന്ന്‌ ഇതിലൂടെ വ്യക്തമാകുകയാണ്‌. യാത്രാസമയം ഏറ്റവും കൂടുതൽ വേണ്ടി വരുന്ന സംസ്ഥാനമാണ്‌ കേരളം. നമ്മുടെ ഗതാഗതസംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച്‌ 40 ശതമാനത്തോളം താഴെയാണ്‌.

നവകേരള നഗരനയം നടപ്പാക്കുന്നതിനായി കമീഷൻ രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നഗരങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്‌ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയരായവരുടെ സഹായം തേടും. കെഎസ്‌ആർടിസി സ്വിഫ്‌റ്റിന്റെ പ്രവർത്തനങ്ങൾ മികച്ചരീതിയിലാണ്‌ മുന്നോട്ടുപോകുന്നത്‌. അത്‌ ഇനിയും മെച്ചപ്പെടുത്താൻ പുതുതായി നിരത്തിൽ ഇറക്കിയ രണ്ട്‌ ഹൈബ്രിഡ്‌ ബസുകൾ സഹായകമാകും. ഹൈബ്രിഡ്‌ ബസുകളുടെ ലാഭത്തിന്റെ ഒരുവിഹിതം അതിന്‌ പണം ചെലവഴിച്ച ജീവനക്കാർക്ക്‌ തിരികെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post