സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

(www.kl14onlinenews.com)
(Aug -08-2023)

സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

കൊച്ചി : മലയാളത്തിന്‌ മനസ്സുതുറന്ന ചിരി സമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) ഇനി നോവോർമ. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക്‌ ന്യുമോണിയ ബാധിച്ച്‌ ആരോഗ്യനില മോശമായിരുന്നു. പിന്നീട്‌ നില മെച്ചപ്പെട്ടെങ്കിലും ഞായറാഴ്‌ചയുണ്ടായ ഹൃദയാഘാതം വീണ്ടും സ്ഥിതി ഗുരുതരമാക്കി.

കൊച്ചി പുല്ലേപ്പടി സ്വദേശിയായ സിദ്ദിഖ് താമസം കാക്കനാട്‌ നവോദയയിലായിരുന്നു. കറുപ്പിനുമൂപ്പിൽ വീട്ടിൽ ഇസ്‌മയിൽ ഹാജി- സൈനബ ദമ്പതികളുടെ മകനായി 1960 ആഗസ്‌ത്‌ ഒന്നിന്‌ ജനനം. ഭാര്യ: സജിത. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ മെഹർ, ഷെഫ്‌സിൻ.

കൊച്ചിൻ കലാഭവന്റെ മിമിക്രി വേദിയിൽ തിളങ്ങി നിൽക്കെയാണ്‌ സിദ്ദിഖിന്റെ സിനിമാപ്രവേശം. പ്രിയ സുഹൃത്ത്‌ ലാലിനൊപ്പം സംവിധായകൻ ഫാസിലിന്റെ സഹസംവിധായകരായി തുടക്കം. ഇരുവരും ചേർന്ന്‌ സത്യൻ അന്തിക്കാടിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986) എന്ന ചിത്രത്തിന്‌ തിരക്കഥയും നാടോടിക്കാറ്റ്‌ (1987) സിനിമക്ക്‌ കഥയുമെഴുതി.

സിദ്ദിഖ്‌– ലാൽ സംവിധായക കൂട്ടുകെട്ടിലെ ആദ്യസിനിമ റാംജി റാവു സ്‌പീക്കിങ്‌ (1989) വമ്പൻ വിജയമായി. പിന്നീട്, ഇൻഹരിഹർ നഗർ, ഗോഡ്‌ ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയിലും വിജയമാവർത്തിച്ചു.

ലാലുമായി വഴിപിരിഞ്ഞശേഷം ഹിറ്റ്‌ലർ (1996) സിനിമയിലൂടെ സിദ്ദിഖ്‌ സ്വതന്ത്ര സംവിധായകനായി. തുടർന്ന്‌ ഫ്രണ്ട്‌സ്‌, ക്രോണിക്‌ ബാച്ചിലർ, ബോഡി ഗാർഡ്‌, ലേഡീസ്‌ ആൻഡ്‌ ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്‌കൽ, ഫുക്രി എന്നീ ചിത്രങ്ങൾ. ബിഗ്‌ബ്രദർ (2020) ആണ് അവസാനം സിനിമ.

സിദ്ദിഖിന്റെ സംവിധാനത്തിൽ ബോഡി ഗാർഡ്‌ ഹിന്ദിയിലും തമിഴിലും റീമേക്ക്‌ ചെയ്‌തു. ഫ്രണ്ട്‌സിനും ക്രോണിക്‌ ബാച്ചിലറിനും തമിഴ്‌ പതിപ്പുകളുണ്ടായി. മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്‌പീക്കിങ്, കിങ് ലയർ എന്നീ സിനിമകൾക്ക്‌ കഥയും തിരക്കഥയും ഫിംഗർപ്രിന്റ്‌ എന്ന ചിത്രത്തിന്‌ തിരക്കഥയും അയാൾ കഥയെഴുതുകയാണ്‌ ചിത്രത്തിന്‌ കഥയുമെഴുതി.

പത്തോളം ചിത്രങ്ങളിൽ ചെറിയ വേഷവും അഭിനയിച്ചു. രണ്ടു ചിത്രങ്ങൾ നിർമിച്ചു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകനും വിധികർത്താവുമായിരുന്നിട്ടുണ്ട്‌. ഗോഡ്‌ഫാദർ സിനിമക്ക്‌ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന്‌ പുറമെ ക്രിട്ടിക്‌സ്‌ അവാർഡ്‌, ഫിലിംഫെയർ അവാർഡ്‌ എന്നിവയും നേടി.

കൊച്ചിൻ കലാഭവൻ 1981 ൽ ആദ്യമായി വേദിയിൽ അവതരിപ്പിച്ച മിമിക്‌സ്‌ പരേഡിൽ പങ്കെടുത്ത ആറു കലാകാരന്മാരിൽ ഒരാളാണ്‌. മിമിക്രിയെ പ്രൊഫഷണലായി ചിട്ടപ്പെടുത്തി ജനപ്രിയമാക്കുന്നതിൽ സിദ്ദിഖ്‌ പ്രധാന പങ്കുവഹിച്ചു.

Post a Comment

Previous Post Next Post