തിരികെ തുഗ്ലക് ലൈൻ ബംഗ്ലാവിലേക്ക്, രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരിച്ച് കിട്ടി

(www.kl14onlinenews.com)
(Aug -08-2023)

തിരികെ തുഗ്ലക് ലൈൻ ബംഗ്ലാവിലേക്ക്, രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരിച്ച് കിട്ടി

ന്യൂഡല്‍ഹി: എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ കിട്ടി. തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി തിരികെ നല്‍കിയതായി ലോക്‌സഭാ കമ്മിറ്റി അറിയിച്ചു. എംപി സ്ഥാനം തിരികെ കിട്ടി ഒരു ദിവസത്തിന് ശേഷമാണ് ഔദ്യോഗിക വസതിയും ലഭിക്കുന്നത്.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തികേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നിരുന്നു. തുടര്‍ന്ന് സോണിയാ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്ക് മാറുകയായിരുന്നു.

2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. ഈ അപകീര്‍ത്തി കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാഗത്വം നഷ്ടമായത്. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയില്‍ നിന്നാണ് രാഹുലിന് അനുകൂല വിധി ലഭിച്ചത്.

സൂറത്ത് സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചതോടെ, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായിരുന്നു. ഇതോടെ വയനാട് എംപിയായിരുന്ന രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നത്

Post a Comment

Previous Post Next Post