(www.kl14onlinenews.com)
(Aug -02-2023)
ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രതി ചേതന്‍ സിംഗ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കസ്റ്റഡിയില്‍ മുദ്രാവാക്യം വിളിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചൊവ്വാഴ്ച മുംബൈ ബോറിവലി കോടതിയില്‍ ഹാജരാക്കിയ ചേതനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞത്..
തന്റെ കക്ഷി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. താന്‍ എന്ത് ചെയ്താലും അത് സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് ചെയ്യുന്നതെന്നും 24 മണിക്കൂറില്‍ കൂടുതല്‍ ഭക്ഷണം നല്‍കിയില്ലെന്നും ചേതന്‍ പറഞ്ഞു. ഇതോടെ കൃത്യസമയത്ത് ചേതന് ഭക്ഷണം നല്‍കാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്.
ഒട്ടേറെ പേരുടെ മൊഴി രേഖപ്പെടുത്തി
ട്രെയിനില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും ട്രെയിനിലെ യാത്രക്കാരുടെയും ഉള്‍പ്പെടെ 15ലധികം പേരുടെ മൊഴി ഇതുവരെ എടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ട്രെയിനിലെ വെടിവെപ്പ്
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്റ്റേഷന് സമീപം വെച്ചാണ് ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ വെടിവെപ്പുണ്ടായത്. തന്റെ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരെയുമാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് വെടിവച്ചുകൊന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം. മരിച്ചവരില്‍ പാല്‍ഘറിലെ നലസോപാര സ്വദേശി അബ്ദുള്‍ കാദര്‍ഭായ് മുഹമ്മദ് ഹുസൈന്‍ ഭാന്‍പൂര്‍വാല (48), ബിഹാറിലെ മധുബാനി സ്വദേശി അസ്ഗര്‍ അബ്ബാസ് ഷെയ്ഖ് (48) എന്നിവരെ റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം യാത്രക്കാര്‍ ട്രെയിനിന്റെ ചങ്ങല വലിച്ചപ്പോള്‍ മീരാ റോഡ് സ്റ്റേഷന് സമീപം ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തോക്കുമായി പിടിയിലായി.
Post a Comment