കെഎസ്ഇബി വാഴകൃഷി വെട്ടിമാറ്റിയ സംഭവം; കർഷകൻ തോമസിന് നഷ്ടപരിഹാരം കൈമാറി

(www.kl14onlinenews.com)
(17-Aug-2023)

കെഎസ്ഇബി വാഴകൃഷി വെട്ടിമാറ്റിയ സംഭവം; കർഷകൻ തോമസിന് നഷ്ടപരിഹാരം കൈമാറി
എറണാകുളം മൂവാറ്റുപുഴയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വാഴ വെട്ടി നിരത്തിയ സംഭവത്തില്‍ കര്‍ഷകന് നഷ്ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് എംഎല്‍എ ആന്റണി ജോണ്‍ കര്‍ഷകന് കൈമാറിയത്. കോതമംഗലം വാരപ്പെട്ടിയിലാണ് പുതുപ്പാടി സ്വദേശിയായ തോമസിന്റെ 400ല്‍ അധികം കുലച്ചുനിന്ന വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാഴകള്‍ വെട്ടിയത്. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത്.

അതേസമയം ഇടുക്കി കോതമംഗലം 220 കെ വി ലൈന്‍ തകരാറിയപ്പോള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നായിരുന്നു കെഎസ്ഇബി വിശദീകരണം. കാറ്റടിച്ചപ്പോള്‍ തോമസിന്റെ വാഴയുടെ ഇലകള്‍ ലൈനിന് സമീപം എത്തി ചില വാഴകള്‍ക്ക് തീ പിടിച്ചു. പരിശോധനയില്‍ സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതം ഏറ്റതായും മനസ്സിലാക്കി. ഇടുക്കി - കോതമംഗലം 220 കെ വി ലൈന്‍ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകള്‍ വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. കെഎസ്ഇബിയുടെ നടപടി വിവാദമായതോടെ വൈദ്യുതി, കൃഷി വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Post a Comment

أحدث أقدم