(www.kl14onlinenews.com)
(10 -Aug-2023)
തിരുവനന്തപുരം: താനൂരില്‍ താമിര്‍ ജിഫ്രിയെന്ന ലഹരി കേസില്‍ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. എസ്പിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പൊലീസിന് ആരേയും തല്ലിക്കൊല്ലാന്‍ ഒരധികാരവും ഇല്ലെന്ന് കൂടി പറഞ്ഞു.
താമിര്‍ ജിഫ്രിയുടെ മൃതദേഹം ഇന്‍ക്വസ്റ്റും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയും പൂര്‍ത്തിയാക്കിയാണ് ബന്ധുക്കള്‍ക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡി മരണമല്ല, കസ്റ്റഡി കൊലപാതകമാണെന്ന് എന്‍ ഷംസുദ്ദീന്‍ വിമര്‍ശിച്ചു. പാലത്തിന് അടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്നും കുഴഞ്ഞ് വീണ് മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ്. ഇതിന് ദൃക്സാക്ഷികളുണ്ട്. മലപ്പുറം എസ്പിയും സംഘവും നേരത്തെ തിരക്കഥ തയ്യാറാക്കി. പുലര്‍ച്ചെ 4.25 ന് മരിച്ചയാളെ ഒന്നാം പ്രതിയാക്കി രാവിലെ 7.30 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 21 മുറിവുണ്ടെന്ന് പറയുന്നു. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മൃതദേഹത്തോട് പോലും അനാദരവ് കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുറ്റം ചെയ്തവരാരും രക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അതിക്രമം തുടര്‍ കഥയാകുന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായി. കുറ്റകൃത്യങ്ങളുടെ പേരില്‍ 27 പേരെ സര്‍വീസില്‍ നിന്ന് തന്നെ നീക്കി. വ്യത്യസ്തമായ പൊലീസ് സര്‍വ്വീസാണ് കേരളത്തില്‍. കൊള്ളരുതായ്മ കാണിച്ചവരെ സര്‍വ്വീസില്‍ നിന്നടക്കം ഒഴിവാക്കുന്നു. 2016 ന് ശേഷം പൊലീസ് ക്രൂരതകള്‍ അത്ര വലുതായി ഇല്ല. അതിന് മുന്‍പത്തെ പൊലീസ് കുറ്റകൃത്യങ്ങളോട് എന്തായിരുന്നു നടപടി? യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13 കസ്റ്റഡി മരണം ഉണ്ടായി. അഞ്ചു കേസുകളില്‍ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചില്ല. ഒരു കേസില്‍ ശാസനയായിരുന്നു ശിക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാം ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കേരളത്തില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണാന്‍ കൗണ്ടിംഗ് മെഷീന്‍ വയ്‌ക്കേണ്ട അവസ്ഥയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം ഹൈജാക്ക് ചെയ്തു. പരിതാപകരമായ പരിഹാസ അവസ്ഥയിലേക്ക് പൊലീസ് സേനയെ മാറ്റിയത് ഈ ഉപജാപക സംഘമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Post a Comment