സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സാംസ്കാരികലോകം; ഖബറടക്കം ഇന്ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍

(www.kl14onlinenews.com)
(Aug -09-2023)

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സാംസ്കാരികലോകം;
ഖബറടക്കം ഇന്ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍
കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് ഖബറടക്കം. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹം പള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് നിലകളില്‍ സജീവമായിരുന്നു. ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍, കാബൂളിവാല, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ചേക്കേറിയ സംവിധായകൻ ആണ് സിദ്ദിഖെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങൾ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ട് . ലാൽ എന്ന സംവിധായകനോടൊപ്പം ചേർന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും, അല്ലാതെ ഒറ്റക്ക് ചെയ്ത ചിത്രങ്ങളും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലെ ചില ഡയലോഗുകൾ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദീഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post