മുന്നണിക്ക് 'ഇന്ത്യ'യെന്ന പേര്; ഹര്‍ജി തള്ളി സുപ്രീംകോടതി 2023

(www.kl14onlinenews.com)
(11-Aug-2023)


മുന്നണിക്ക് 'ഇന്ത്യ'യെന്ന പേര്; ഹര്‍ജി തള്ളി സുപ്രീംകോടതി

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെ 'ഇന്ത്യ' എന്ന് വിളിക്കുന്നതിനെതിരായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. പബ്ലിസിറ്റി തേടിയാണ് ഹര്‍ജി നല്‍കിയതെന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയതിനാല്‍ ഇടപെടാന്‍ ഒരു കാരണവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ കേസ് പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ സന്നദ്ധത അറിയിച്ചു. ഇതോടെ ഹര്‍ജി തള്ളിയതായി കോടതി അറിയിച്ചു.

26 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന പേരിന്റെ ചുരുക്കെഴുത്താണ് 'ഇന്ത്യ'. എല്ലാ മാധ്യമ ഏജന്‍സികളും ഈ പേര് പ്രതിപക്ഷ സഖ്യത്തിന്റെ പേരായി ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു ചട്ടം പാസാക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ 'നിങ്ങള്‍ ആരാണ്? എന്താണ് താല്‍പ്പര്യം? തിരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക. നിങ്ങൾക്ക് പബ്ലിസിറ്റി വേണം, കംപ്ലീറ്റ് പബ്ലിസിറ്റി!' എന്നായിരുന്നു ജസ്റ്റിസ് കൗളിന്റെ വിമര്‍ശനം.

എന്നാല്‍ തനിക്ക് പബ്ലിസിറ്റി വേണമെങ്കില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് അഭിമുഖം നല്‍കുമായിരുന്നെന്നും താന്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഹര്‍ജിക്കാരന്‍ മറുപടി നല്‍കി. അത്തരമൊരു പേര് ഉപയോഗിക്കുന്നത് ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്റെ വാദിച്ചു. ''ഞങ്ങള്‍ രാഷ്ട്രീയത്തില്‍ ധാര്‍മ്മികത നിര്‍ണ്ണയിക്കാന്‍ പോകുന്നില്ല.', എന്നായിരുന്നു ജസ്റ്റിസ് കൗളിന്റെ മറുപടി. ആളുകള്‍ ഇതിനായി സമയം പാഴാക്കുന്നത് സങ്കടകരമാണെന്ന് വിമര്‍ശിച്ച കോടതി ഹര്‍ജി പരിഗണിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഹര്‍ജിയിലെ വാദം...

1. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ'എന്ന രാജ്യത്തിനെതിരെ ബിജെപി പോരാടുമെന്ന തെറ്റായ ധാരണ പൊതുജനങ്ങളുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ മാത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കുന്നത്.

2. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഉടനീളം പ്രചരിക്കുന്ന മുദ്രാവാക്യങ്ങളും പ്രസ്താവനകളും ജനാധിപത്യത്തിന്റെ ചൈതന്യത്തെ തകര്‍ക്കുക മാത്രമല്ല, രാഷ്ട്രീയ നേട്ടത്തിനായി ജനവികാരം വളച്ചൊടിക്കാനുള്ള ശ്രമം കൂടിയാണ്.

3. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം തികച്ചും നൈതിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. അതില്‍ ദേശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം രാഷ്ട്രത്തിന്റെ പേര് വ്യക്തിപരമായ രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നു.

4. 1950-ലെ എംബ്ലങ്ങളും നെയിമുകളും (അനുചിതമായ ഉപയോഗം തടയല്‍) നിയമം 'ഇന്ത്യ' എന്ന പേരിന്റെ രജിസ്‌ട്രേഷന്‍ നിരോധിക്കുന്നുണ്ട്

Post a Comment

Previous Post Next Post