കണ്ണൂരിൽ ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒഡീഷ സ്വദേശി കസ്റ്റഡിയിൽ

(www.kl14onlinenews.com)
(19-Aug-2023)

കണ്ണൂരിൽ ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒഡീഷ സ്വദേശി കസ്റ്റഡിയിൽ
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ പാറക്കണ്ടിയില്‍ മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നേരേ കല്ലെറിഞ്ഞ കേസിലാണ് ഒഡീഷ സ്വദേശിയായ സര്‍വേഷ് (23) എന്നയാളെ പൊലീസ് പിടികൂടിയത്.

ഇതരസംസ്ഥാന തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയിലാണ് ട്രെയിനിന് നേരേ കല്ലെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുകയാണ് സർവേഷ്. സംഭവത്തില്‍ അട്ടിമറി ശ്രമം ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

ഓഗസ്റ്റ് 13 മുതല്‍ 16 വരെ നാലുദിവസത്തിനിടെ നാല് ട്രെയിനുകള്‍ക്ക് നേരേയാണ് കണ്ണൂരിലും നീലേശ്വരത്തുമായി കല്ലേറുണ്ടായത്. ഓഗസ്റ്റ് 13ന് മാത്രം മൂന്ന് ട്രെയിനുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. ഇതിലെ ഒരു കേസിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കുന്നത്. ഓഗസ്റ്റ് 16ന് തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും കല്ലേറുണ്ടായിരുന്നു.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മേയ് 5ന് വൈകിട്ട് വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം വന്ദേഭാരത് എക്സ്പ്രസിനു കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവർഷം ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു.

Post a Comment

Previous Post Next Post