കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(30-Aug-2023)

കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി
കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന്
കോട്ടയം: കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം കൂടിയായ പിണറായി വിജയന്‍.

സംസ്ഥാനത്ത് ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓണം വറുതിയുടെയും ഇല്ലായ്മയുടെയുമാകുമെന്ന് വ്യാപകമായ പ്രചാരണം നടന്നു. എന്നാലത് ജനം സ്വീകരിച്ചില്ല. പല പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നു പോവുകയാണ്. ഒരു ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നില്ല. ഓണം വല്ലാത്ത ഘട്ടത്തിലാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞ്ഞെരുക്കാന്‍ ശ്രമിക്കുന്നു. കേരളത്തെ അവഗണിക്കുകയും പകപോക്കല്‍ നടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് ഓണക്കാലത്ത് കിറ്റുകള്‍ കൊടുത്തു. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ട്. ഇവിടെ ആരുടെയും പടം വച്ച് കിറ്റ് കൊടുക്കേണ്ട സാഹചര്യമില്ല. അത്തരമൊരു പ്രചരണ രീതി ഇവിടെ വേണ്ടിവരില്ല. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് എതിരെ പലരും പ്രചാരണം നടത്തി. എന്നാല്‍ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളും ജനത്തിന് ഉപകാരമായി മാറി. എന്തിനാണ് ഇങ്ങനെ കള്ളപ്രചാരണം നടത്തുന്നത്. ഈ കൂട്ടര്‍ക്ക് നാണം ഇല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തില്‍ യുഡിഫ് കാലത്ത് നിര്‍ത്തിവച്ച് പോയ വികസന പദ്ധതികള്‍ എല്‍ഡിഎഫ് നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വികസന പദ്ധതികളുടെ എണ്ണം കൂടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഐടി മേഖല മെച്ചപ്പെട്ടുവെന്നും കയറ്റുമതി വര്‍ധിച്ചുവെന്നും കമ്പനികളുടെ എണ്ണം കൂടിയെന്നും പറഞ്ഞ അദ്ദേഹം ഇതിലൂടെ തൊഴിലവസരങ്ങളും വര്‍ധിച്ചുവെന്നും ചൂണ്ടിക്കാട്ടി.കിഫ്ബി വഴി വലിയ വികസനമാണ് കേരളത്തില്‍ നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള അനുമതികള്‍ കിട്ടി വരുന്നുണ്ട്. കെ ഫോണ്‍ യഥാര്‍ത്ഥ്യമായതും സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

Post a Comment

Previous Post Next Post