(www.kl14onlinenews.com)
(10 -Aug-2023)
ഇസ്ലാമാബാദ്: അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 18 അംഗ സ്‌ക്വാഡിനെയും ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനേയും പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ബാബര്‍ അസമിനെ നായകനാക്കി നിലനിര്‍ത്തിയുള്ള സ്‌ക്വാഡിനെയാണ് പുതിയ ചീഫ് സെലക്‌ടര്‍ ഇന്‍സമാം ഉള്‍ ഹഖ് പ്രഖ്യാപിച്ചത്. അഫ്‌ഗാനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിക്കുന്ന 18 താരങ്ങളുടെ സ്‌ക്വാഡില്‍ നിന്ന് സൗദ് ഷക്കീലിനെ ഒഴിവാക്കിയുള്ള 17 അംഗ ടീമായിരിക്കും ഏഷ്യാ കപ്പിന് ഇറങ്ങുക. മറ്റ് മാറ്റങ്ങളൊന്നും ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ടാവില്ല. സൗദ് ഷക്കീലിന് പുറമെ ഇടവേളയ്‌ക്ക് ശേഷം ഫഹീം അഷ്‌റഫിനെയും തയ്യബ് താഹിറിനെയും ടീമിലേക്ക് തിരിച്ചുവിളിച്ചു.
പാക് സ്‌ക്വാഡ‍്
അബ്‌ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ് എന്നിവരാണ് സ്‌ക്വാഡിലുള്ള സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍. മധ്യനിര ബാറ്റര്‍മാരായി നായകന്‍ ബാബര്‍ അസമിന് പുറമെ സല്‍മാന്‍ അലി അഗ, ഇഫ്‌തീഖര്‍ അഹമ്മദ്, തയ്യബ് താഹിര്‍, സൗദ് ഷക്കീല്‍(അഫ്‌ഗാന്‍ പരമ്പരയില്‍ മാത്രം) എന്നിവരാണുള്ളത്. മുഹമ്മദ് റിസ്‌വാനും മുഹമ്മദ് ഹാരിസുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. വൈസ് ക്യാപ്റ്റന്‍ കൂടിയായ ഷദാബ് ഖാന് പുറമെ മുഹമ്മദ് നവാസും ഉസാമ മിറുമാണ് സ്‌പിന്നര്‍മാര്‍. ഫഹീം അഷ്‌റഫാണ് ടീമിലെ ഏക പേസ് ഓള്‍റൗണ്ടര്‍. ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍.
തയ്യബ് താഹിര്‍
ഏപ്രില്‍- മെയ് മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിച്ച ഷാന്‍ മസൂദ്, ഇഹ്‌സാനുള്ള എന്നിവരെ അഫ്‌ഗാന്‍ പരമ്പരയിലേക്കും ഏഷ്യാ കപ്പിനും പരിഗണിച്ചില്ല. പേസ് ഓള്‍റൗണ്ടറായ ഫഹീം അഷ്‌റഫ് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിവരുന്നത്. 2021 ജൂലൈയില്‍ ഇംഗ്ലണ്ടിന് എതിരെയായിരുന്നു താരം ഇതിന് മുമ്പ് കളിച്ചത്. അതേസമയം തയ്യബ് താഹിര്‍ രണ്ടാംവട്ടം മാത്രമാണ് ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു താരത്തിന് ആദ്യം അവസരം ലഭിച്ചത്. അടുത്തിടെ എസിസി എമേര്‍ജിംഗ് കപ്പ് ഫൈനലില്‍ ഇന്ത്യ എയ്‌ക്കെതിരെ തയ്യബ് സെഞ്ചുറി നേടിയിരുന്നു. ടീമിലേക്ക് മടങ്ങിയെത്തിയ സൗദ് ഷക്കീലാവട്ടെ മാര്‍ച്ച് 2022ലാണ് അവസാനമായി പാകിസ്ഥാന്‍ കുപ്പായത്തില്‍ കളിച്ചത്.
അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കും ഏഷ്യാ കപ്പിനും മുമ്പ് പാകിസ്ഥാന്‍ ടീം ഓഗസ്റ്റ് 14, 15, 16 തിയതികളില്‍ ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ക്യാംപ് ചെയ്യും. ഇതിന് ശേഷം 17-ാം തിയതി ശ്രീലങ്കയിലേക്ക് പറക്കും. ലങ്കയില്‍ വച്ച് ഓഗസ്റ്റ് 22 മുതല്‍ 26 വരെയാണ് അഫ്‌ഗാനെതിരായ പരമ്പര. ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഓഗസ്റ്റ് 30ന് മുല്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം.
إرسال تعليق