(www.kl14onlinenews.com)
(29-Aug-2023)
ന്യൂഡൽഹി : ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ 200 രൂപ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് പാചകവാതക വിലയിൽ കൂടുതൽ സബ്സിഡി നൽകാനുള്ള തീരുമാനം.
ഇതോടെ, നിലവിൽ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. ഇതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ ആളുകളുടെ, പ്രത്യേകിച്ചും നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള വലിയ പ്രഖ്യാപനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘2014 മുതൽ സ്ത്രീകൾക്കും അവരുടെ ശാക്തീകരണത്തിനും വേണ്ടിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ബദ്ധശ്രദ്ധനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 9.6 കോടി സ്ത്രീകൾക്കാണ് ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. തിരുവോണ ദിനത്തിന്റെ അന്ന്, രക്ഷാബന്ധന്റെ തലേന്ന്, സ്ത്രീകൾക്കായുള്ള പ്രധാനമന്ത്രിയുടെ ഈ വലിയ സമ്മാനം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്’ – അനുരാഗ് ഠാക്കൂർ പറഞ്ഞു.
Post a Comment