രാഹുൽ ഗാന്ധി വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു, പാര്‍ലമെന്റിലേക്ക്

(www.kl14onlinenews.com)
(Aug -07-2023)

രാഹുൽ ഗാന്ധി വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു, പാര്‍ലമെന്റിലേക്ക്
ഡൽഹി :
രാഹുൽ ഗാന്ധി വീണ്ടും എം പി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്.

134 ദിവസത്തിന് ശേഷമാണ് രാഹുലിന്റെ സഭയിലേക്കുള്ള തിരിച്ചുവരവ്. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധിയുടെ അയോഗ്യത ഒഴിവായെങ്കിലും ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ.

ഇതോടെ നാളെ നടക്കുന്ന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കിയിരിക്കുകയാണ് കോൺഗ്രസ്. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ഐപിസി സെക്ഷൻ 499, 500 പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.

ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനാല്‍ രാഹുലിന് കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുല്‍ പാര്‍ലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയില്‍ ആവേശവവും ഊര്‍ജവും കൂടും. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര വിതരണത്തോടെയാണ് ‘ഇന്ത്യാ സഖ്യ’വും ആഘോഷിച്ചത്.

Post a Comment

Previous Post Next Post