പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 97 താൽക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍

(www.kl14onlinenews.com)
(July -26-2023)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 97 താൽക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ. സീറ്റ് ക്ഷാമം രൂക്ഷമായ വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് ജില്ലയില്‍ അനുവദിച്ചത്.

കോഴിക്കോട് 11, പാലക്കാട് 4, വയനാട് 4 , കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കും. മലപ്പുറത്ത് അൺ എയ്‌ഡഡ് സ്‌കൂളുകൾ ഏറ്റവും അധികം അനുവദിച്ചത് യുഡിഎഫാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, പ്ലസ് വൺ പ്രവേശത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിച്ചിരുന്നു. ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെന്റുകകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂലൈ 20 വൈകിട്ട് 4 മണി വരെ അവസരം നൽകിയിരുന്നു. ഇതിന് ശേഷവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്തായതോടെയാണ് സർക്കാർ താൽക്കാലിക ബാച്ച് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم