77 ദിവസം മണിപ്പൂരിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല; ഒടുവില്‍ നിര്‍ബന്ധിതനായി, പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

(www.kl14onlinenews.com)
(July -22-2023)

77 ദിവസം മണിപ്പൂരിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല; ഒടുവില്‍ നിര്‍ബന്ധിതനായി, പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഭോപ്പാല്: മണിപ്പൂരിലെ അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച അക്രമത്തെക്കുറിച്ച് വ്യാഴാഴ്ച വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസ്താവനയും നടത്തിയില്ലെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

വെള്ളിയാഴ്ച ഗ്വാളിയോറില്‍ നടന്ന ‘ജന്‍ ആക്രോശ്’ റാലിയില്‍ സംസാരിക്കവെ, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രിയങ്ക മോദിയെയും ബിജെപിയെയും വിമര്‍ശിച്ചു. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
‘നമ്മുടെ രാഷ്ട്രീയക്കാരില്‍ ജനങ്ങള്‍ സഭ്യതയും ലാളിത്യവും സത്യവും’ തേടുന്നു, രാഷ്ട്രീയ സംസ്‌കാരം നിലനിര്‍ത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക പറഞ്ഞു.

‘രണ്ട് ദിവസം മുമ്പ് പ്രതിപക്ഷത്തിന്റെ ഒരു വലിയ യോഗം ഉണ്ടായിരുന്നു, എല്ലാ പ്രതിപക്ഷ നേതാക്കളും പാര്‍ട്ടികളും കള്ളന്മാരാണെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തി. ജീവിതകാലം മുഴുവന്‍ രാജ്യത്തിന് വേണ്ടി പോരാടിയ, രാജ്യത്ത് ബഹുമാനമുള്ള, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തില്‍ ഉയര്‍ന്ന അത്തരം മുതിര്‍ന്ന നേതാക്കള്‍ – അവരെ പ്രധാനമന്ത്രി അപമാനിച്ചു, ”പ്രിയങ്ക പറഞ്ഞു. ”മണിപ്പൂര്‍ രണ്ട് മാസമായി കത്തുകയാണ്. വീടുകള്‍ക്ക് തീവെച്ചു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു, കുട്ടികള്‍ക്ക് തലയ്ക്ക് മുകളില്‍ മേല്‍ക്കൂരയില്ല, നമ്മുടെ പ്രധാനമന്ത്രി മോദി 77 ദിവസമായി ഒരു പ്രസ്താവനയും നല്‍കിയില്ല. നടപടിയെടുക്കാന്‍ മറന്നു, അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ഭയാനകമായ ഒരു വീഡിയോ വൈറലായതിനെത്തുടര്‍ന്ന് അദ്ദേഹം ഇന്നലെ നിര്‍ബന്ധിതനായി സംസാരിച്ചു.” പ്രിയങ്ക പറഞ്ഞു.

എന്നാല്‍ ആ പ്രസ്താവനയിലും അദ്ദേഹം രാഷ്ട്രീയം കലര്‍ത്തി. പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പേരുപോലും പരാമര്‍ശിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളുമായി അടുപ്പമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാണ് താന്‍ റാലിയില്‍ എത്തിയതെന്നും ശ്രദ്ധ തിരിക്കാനല്ലെന്നും പറഞ്ഞ പ്രിയങ്ക, വിലക്കയറ്റത്തെക്കുറിച്ചും അതിന്റെ ആഘാതം ഏല്‍ക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചും സംസാരിച്ചു.

Post a Comment

أحدث أقدم