(www.kl14onlinenews.com)
(July -25-2023)
ദുബായ് :ദുബായ്–ഷാർജ ജലഗതാഗത സർവീസുകൾ ഒാഗസ്റ്റ് 4ന് പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ) അറിയിച്ചു. ദുബായ് ഫെറി വഴിയുള്ള സമുദ്ര ഗതാഗത ലെയ്നിന്റെ പ്രവർത്തനമാണ് വീണ്ടും ആരംഭിക്കുന്നത്.
തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം 8 യാത്രകൾ നടത്തും. വാരാന്ത്യ അവധിദിനങ്ങളായ വെള്ളി മുതൽ ഞായർ വരെ 6 യാത്രകളും. ദുബായിയെ ഇതര എമിറേറ്റുകളുമായി ബന്ധിക്കുന്ന ആദ്യത്തെ മറൈൻ സർവീസാണിത്. ദുബായിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനുമിടയിലാണ് ഇൗ സർവീസ്. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുമായി ചേർന്നാണ് പ്രവർത്തനം. ദുബായ്–ഷാർജ യാത്രാ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ഇൗ സർവീസ് ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
അൽ ഗുബൈബ സ്റ്റേഷനും ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനുമിടയിലെ യാത്രയ്ക്ക് 35 മിനിറ്റാണ് ദൈർഘ്യം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 2 സർവീസുകളുണ്ടായിരിക്കും. ഷാർജയിൽ നിന്ന് രാവിലെ 7നും 8.30നും ദുബായിൽ നിന്ന് 7.45നും സർവീസ് ആരംഭിക്കും. വൈകിട്ട് ഷാർജയിൽ നിന്ന് 2 സർവീസുകൾ. വൈകിട്ട്. 4.45നും 6.15നും. ദുബായിൽ നിന്ന് മൂന്ന് സർവീസുകൾ– വൈകിട്ട് 4 നും, 5.30 നും, 7 മണിക്കും. വാരാന്ത്യ ദിനങ്ങളായ വെള്ളി മുതല്‍ ഞായർ വരെ 6 യാത്രകൾ. ഉച്ചയ്ക്ക് 2, വൈകിട്ട് 4, 6 സമയങ്ങളിൽ ഷാർജയിൽ നിന്ന് യാത്ര പുറപ്പെടും. ദുബായിൽ നിന്ന് വൈകിട്ട് 3, 5, 8. ഒരു യാത്രയ്ക്ക് സില്‍വർ ക്ലാസിന് 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഗോൾഡ്–25 ദിർഹം. നിശ്ചയദാർഢ്യക്കാർക്കും അഞ്ച് വയസ്സിന് താഴെയുള്ളവർക്കും യാത്ര സൗജന്യം. നോൽ കാർഡ് വഴിയും ഒാൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം– https://marine.rta.ae.
Post a Comment