(www.kl14onlinenews.com)
(July -18-2023)
കേരളത്തിന്റെ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് 2.20-ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. വികാരഭരിതമായ കോണ്‍ഗ്രസ് അണികളുടെ കണ്ഠങ്ങളില്‍ ഉതിര്‍ന്ന ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് ഭൗതികദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റുന്നത്. തലസ്ഥാനത്ത് എങ്ങും വിങ്ങിപ്പൊട്ടുന്ന കോണ്‍ഗ്രസ് അണികളെയാണ് കാണുന്നത്. ഉമ്മന്‍ ചാണ്ടി അസുഖബാധിതനായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം വിടപറയുമെന്ന് കോണ്‍ഗ്രസ് നേതാക്കളോ അണികളോ കരുതിയിരുന്നില്ല. ഉമ്മന്‍ചാണ്ടിയില്ലാത്ത ഒരു കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവരാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ളതും. . ഇതുതന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴും പുതുപ്പള്ളി ഹൗസിലേക്കുള്ള അന്ത്യയാത്രയിലും തെളിയുന്നത്.
പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസിലാണ് മൃതദേഹം വിമാനത്താവളത്തില്‍നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയില്‍ എത്തിക്കുന്നത്. വന്‍ ജനാവലിയുടെ അകമ്പടിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് മാറ്റുന്നത്. വലിയ ജനക്കൂട്ടമാണ് പുതുപ്പള്ളി ഹൗസിലും കാത്ത് നില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മക്കളായ മറിയം ഉമ്മനും അച്ചു ഉമ്മനുമെല്ലാം ബംഗളൂരുവില്‍ നിന്നും പുതുപ്പള്ളി ഹൗസില്‍ എത്തിയിട്ടുണ്ട്. ഭാര്യയായ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനുമാണ് ആംബുലന്‍സില്‍ മൃതദേഹത്തിനു ഒപ്പമുള്ളത്.
മുൻമന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് ഉന്നത നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ഭൗതികശരീരം ബെംഗളൂരുവിൽനിന്ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാനായി വന്‍ ജനാവലി ബെംഗളൂരുവിലെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളും ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഭൗതികശരീരവും വഹിച്ചു വരുന്ന വിമാനത്തില്‍ ഉണ്ടായിരുന്നു.
വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി വസതിയിലാണ് മൃതദേഹം എത്തിക്കുന്നത്. നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിനു വയ്ക്കും. തുടർന്ന്, സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിനായി മാറ്റും. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും.
സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദർശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു സംസ്കാര ചടങ്ങുകൾ.
Post a Comment