(www.kl14onlinenews.com)
(July -09-2023)
കുമ്പള:സംരക്ഷണ ഭിത്തിയടക്കം തകർന്ന് അപകടാവസ്ഥയിലായ
കഞ്ചിക്കട്ട പാലം പുതുക്കി പണിയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പാലത്തിൻ്റെ തകർച്ച തുടങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ലായെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അവശേഷിച്ചിരുന്ന സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും തകർന്നതിനാൽ വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ഭീതിയോടെയാണ് കടന്നു പോകുന്നത്.
മഴ കനത്തതോടെ ജല നിരപ്പ് ഉയർന്ന് പാലത്തിന് മുകളിൽ വെള്ളം കയറുമെന്ന സ്ഥിതിയുണ്ടായതോടെ പ്രദേശവാസികൾ മരക്കമ്പിൽ സംരക്ഷണ വേലിയൊരുക്കിയത് വാർത്തയായിരുന്നു.
ഇത് അത്യന്തം നാണക്കേടുണ്ടാക്കുന്നതാണെന്നും അപകടം ഉണ്ടായതിന് ശേഷം ഉണർന്നിട്ട് കാര്യമില്ലെന്നും യൂത്ത് ലീഗ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഏറെ കാലം തകർന്നു കിടന്ന നാലര കിലോമീറ്റർ റോഡ് ആധുനിക രീതിയിൽ മെക്കാഡം ചെയ്ത് നവീകരിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും പാതയിലുള്ള മൈനർ ഇറിഗേഷൻ വിഭാഗത്തിൻ്റെ വി.സി.ബി കം ബ്രിഡ്ജ് (കഞ്ചിക്കട്ട പാലം) നവീകരിച്ചില്ല.
റോഡ് നന്നായതോടെ വാഹനങ്ങളുടെ എണ്ണം പെരുകിയതാണ് പാലത്തിൻ്റെ അപകട സാധ്യത വർധിച്ചത്.
പാലത്തിൻ്റെ കീഴ് ഭാഗങ്ങളും ദ്രവിച്ച് ബലക്ഷയമുള്ളതായി വർഷങ്ങൾക്ക് മുമ്പ് തന്നെ എൻജിനിയർമാർ വിധിയെഴുതിയിരുന്നു.ഇപ്പോൾ പാലത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കോൺഗ്രീറ്റ് പാളികൾ അടർന്ന് വീണ് കമ്പികൾ പുറം തള്ളി നിൽക്കുന്നതിനാൽ ഏതു സമയവും പാലം തകരുമെന്ന സ്ഥിതിയിലാണ്.
കാൽ നടയാത്രക്കാർക്ക് രാത്രി കാലങ്ങളിൽ അടിതെറ്റിയാൽ ഇത് വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും.
എത്രയും വേഗം പുതിയ പാലം യഥാർഥ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
إرسال تعليق