ഒരു മതത്തിനും ഏകീകൃത സിവില്‍ കോഡ് അംഗീകരിക്കാൻ ആകില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

(www.kl14onlinenews.com)
(July -02-2023)

ഒരു മതത്തിനും ഏകീകൃത സിവില്‍ കോഡ് അംഗീകരിക്കാൻ ആകില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ 
മലപ്പുറം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്ന് സമസ്ത. കേന്ദ്ര സർക്കാരിന്റെ നീക്കത്തോട് യോജിക്കാൻ ആകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത അതിന് നേതൃത്വം നൽകും. മറ്റ് മത നേതാക്കളെയും സമീപിക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ ഒരു മതേതര പാർട്ടി എന്ന നിലയിൽ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുണ്ട്. നാസർ ഫൈസിയുടെ പരാമർശം ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. സുന്നി ഐക്യം സംബന്ധിച്ച് സമസ്തക്കും അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇതിനുള്ള ശ്രമം നടത്തിയിരുന്നു.

യോജിപ്പിന്റെ വശങ്ങൾ എന്താണ് എന്ന് ആലോചിക്കേണ്ടി വരും. ഐക്യത്തിനു കോടാലി സമസ്ത വെക്കില്ല. ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യേണ്ടി വരും. സുന്നി ഐക്യം എന്നും അനിവാര്യം ആണ്. ഐക്യത്തിനു സമസ്ത പരമാവധി വിട്ടു വീഴ്ചക്ക് തയ്യാറാണ്. മാധ്യസ്ഥതക്ക് ആർക്കും മുൻകൈ എടുക്കാം. സാദിഖലി തങ്ങൾക്കും മുൻ കൈ എടുക്കാം. പാണക്കാട് കുടുംബത്തെയും സമസ്തയെയും അകറ്റാൻ ചിലർ ശ്രമിക്കുന്നു. പാണക്കാട് കുടുംബം എന്നും സമസ്തയോട് ഒപ്പം ഉണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Post a Comment

Previous Post Next Post