രാജ്യത്തിന് അഭിമാന നിമിഷം; ചന്ദ്രയാൻ 3 വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ

(www.kl14onlinenews.com)
(July -14-2023)

രാജ്യത്തിന് അഭിമാന നിമിഷം; ചന്ദ്രയാൻ 3 വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ

ലോകത്തെ സാക്ഷിയാക്കി ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയിസ് സെന്ററിൽ നിന്ന് 2.35നായിരുന്നു വിക്ഷേപണം. വിക്ഷേപണം വിജയകരമായി പൂർത്തികരിച്ചെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ഭ്രമണപഥത്തിലെത്തിയത് രാജ്യത്തിന് അഭിമാന നിമിഷമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഇനി കാത്തിരുപ്പിന്റെ നാളുകളാണ്. 40 ദിവസത്തെ സഞ്ചാരത്തിന് ശേഷം ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലെത്തും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ലോഞ്ച് പാഡിൽ നിന്നാണ് കൃത്യം 2.35ന് ചന്ദ്രയാൻ 3 ഉയർന്ന് പൊങ്ങുന്നത് GSLVM III മാത്രമല്ല. ബഹിരാകാശ രംഗത്ത് ത്രിവർണ വിസ്മയങ്ങൾ തീർക്കാൻ വെമ്പുന്ന രാജ്യത്തിന്റെ വിജയപതാക കൂടിയാണ്.

ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്. 1990-കളുടെ അവസാനത്തിലാണ് ചന്ദ്രനിലേക്ക് ഇന്ത്യൻ ശാസ്ത്ര ദൗത്യം എന്ന ആശയം ഉയർന്നുവന്നത്. 2003 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ദൗത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അഞ്ച് വർഷത്തിന് ശേഷം 2008 ഒക്ടോബർ 22 ന് ചാന്ദ്ര ഓർബിറ്ററും ഇംപാക്‌ടറും അടങ്ങുന്ന ചന്ദ്രയാൻ-1 വിക്ഷേപിച്ചു, അത് വൻ വിജയമായിരുന്നു. പദ്ധതി ഇന്ത്യയെ ഒരു ബഹിരാകാശ ശക്തിയായി ഉയർത്തി. 2019 ജൂലായ് 19 ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ഭാഗികമായി മാത്രം വിജയിച്ചത് ഇന്ത്യൻ പ്രതീക്ഷകളെ തളർ‌ത്തിയില്ല.
ചന്ദ്രയാൻ-3 ന്റെ ലാൻഡർ ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത്തവണ ലാൻഡിംഗിനായി തിരഞ്ഞെടുത്ത ചന്ദ്രന്റെ ദക്ഷിണധ്രുവവും പ്രാധാന്യമർഹിക്കുന്നതാണ്: ഇവിടെ നിന്ന് ശേഖരിക്കുന്ന പാറയുടെയും മണ്ണിന്റെയും സാമ്പിളുകൾക്ക് ആദ്യകാല സൗരയൂഥത്തിന്റെ അവസ്ഥകളെക്കുറിച്ച് അമൂല്യമായ ഉൾക്കാഴ്ച നൽകാൻ വഴിവെയ്ക്കും. ചാന്ദ്ര ദൗത്യത്തിനായുള്ള ലിക്വിഡ് പ്രൊപ്പൽഷൻ എഞ്ചിനുകൾ സാറ്റലൈറ്റ് ത്രസ്റ്ററുകൾ മുംബൈയിൽ ഗോദ്‌റെജ് എയ്‌റോസ്‌പേസാണ് നിർമ്മിച്ചത്.

പദ്ധതി ഇന്ത്യയെ ഒരു ബഹിരാകാശ ശക്തിയായി ഉയർത്തും. ചന്ദ്രദൗത്യത്തിൽ‌ ലോകത്തെ നാലാമത്തെ രാജ്യമായി അതിന്റെ മുദ്ര പതിപ്പിച്ച ഇന്ത്യയുടെ ബഹിരാകാശ ആകാംക്ഷ പക്ഷെ ചന്ദ്രനിൽ‌ അവസാനിക്കില്ല. അയൽഗ്രഹങ്ങളിലേക്കുള്ള ഭാവി ദൗത്യങ്ങൾക്ക് ഒരു പാലമായി ചന്ദ്രോപരിതലം പ്രവർത്തിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Post a Comment

أحدث أقدم