(www.kl14onlinenews.com)
(July -19-2023)
ജിദ്ദ: കഅ്ബക്ക് പുതിയ പുടവ (കിസ്‌വ) അണിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇരുഹറം കാര്യാലയ അധികൃതരുടെ മേൽനോട്ടത്തിൽ കിങ് അബ്ദുൽ അസീസ് കിസ്‌വ സമുച്ചയത്തിൽനിന്ന് എത്തിച്ച പുതിയ കിസ്‌വ അണിയിച്ചത്. പ്രത്യേക വാഹനത്തിൽ സുരക്ഷ അകമ്പടിയോടെയാണ് പുതിയ കിസ്‌വ മസ്ജിദുൽ ഹറാമിലെത്തിച്ചത്. പഴയ പുടവ അഴിച്ചുമാറ്റുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനും കിസ്‌വ സമുച്ചയത്തിൽ നിന്നുള്ള വിദഗ്ധ സംഘം നേരത്തെ ഹറമിലെത്തിയിരുന്നു. പഴയ ക്ലാഡിങ് പൊളിച്ചാണ് കഅ്ബയുടെയും അതിന്റെ ഉപരിതലത്തിന്റെയും കോണുകളിൽ പുതിയ പുടവയുടെ ഭാഗങ്ങൾ ഉറപ്പിച്ചതെന്ന് കിസ്‌വ സമുച്ചയ സാങ്കേതിക, ഓപറേഷൻകാര്യ അസിസ്റ്റന്റ് മേധാവി എൻജി. സുൽത്താൻ അൽ ഖുറൈശി പറഞ്ഞു.
ബെൽറ്റുകൾ, വിരി എന്നിവക്ക് പുറമെ നാല് പ്രധാന കഷ്ണങ്ങളോട് കൂടിയതാണ് കിസ്‌വ. പ്രധാന ഭാഗത്തിന്റെ ഓരോ വശവും കഅ്ബയുടെ മുകളിലേക്ക് ഉയർത്തി പഴയ സ്ഥലത്ത് സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് മുകളിൽനിന്ന് ഒരോ വശം കെട്ടിയിട്ട് മറ്റേ അറ്റം താഴേക്കിടുന്നു. ശേഷമാണ് ബെൽറ്റുകളും വിരികളും അണിയിക്കുന്നത്. കിസ്വയുടെ എല്ലാ ഭാഗങ്ങളിലും ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടെന്നും അൽ ഖുറൈശി പറഞ്ഞു.
കറുപ്പ് ചായം പൂശിയ ഏകദേശം 850 കിലോ ശുദ്ധ പട്ടിൽ ഒരു വർഷമെടുത്താണ് കിസ്‌വ നെയ്തെടുക്കുന്നത്. 120 കിലോ സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കിസ്‌വ നിർമാണ സമുച്ചയത്തിൽ 200 ജോലിക്കാരുണ്ട്. സ്വദേശികളാണ് ജീവനക്കാരെല്ലാം. ഡൈയിങ്, ഓട്ടോമാറ്റിക് നെയ്ത്ത്, കൈകൊണ്ടുള്ള നെയ്ത്ത്, പ്രിൻറിങ്, ബെൽറ്റിങ്, ഗിൽഡിങ്, തയ്യൽ, ക്ലാഡിങ് കൂട്ടിച്ചേർക്കൽ എന്നീ ജോലികൾ ചെയ്യുന്ന വ്യത്യസ്ത വകുപ്പുകൾ ഉൾപ്പെടുന്നതാണ് കിസ്‌വ സമുച്ചയം. ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷിൻ കൊണ്ടാണ് കിസ്‌വ നിർമിക്കുന്നത്. 16 മീറ്റർ നീളമുള്ള തയ്യൽ മെഷിൻ കമ്പ്യൂട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ്.
ഹജിനു ശേഷം കഅ്ബയിൽ പുതിയ കിസ്‌വ അണിയിക്കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യമാണ്.
Post a Comment