ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാന്‍ ജന്മനാട്; സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തും

(www.kl14onlinenews.com)
(July -19-2023)

ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാന്‍ ജന്മനാട്; സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തും
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ കാത്ത് ജന്മനാടായ പുതുപ്പള്ളി. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് തിരിച്ചിരുന്നു. വൈകിട്ട് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. പള്ളിമുറ്റത്തു വൈദികരുടെ കല്ലറകള്‍ക്ക് സമീപത്തായാണ് ഉമ്മന്‍ചാണ്ടിക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക് തിരിച്ചിരുന്നു. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര. അദ്ദേഹത്തിനെ അവസാനമായി കാണാണാനെത്തുന്നവരുടെ വൻതിരക്കാണ് വഴിയോരങ്ങളിൽ അനുഭവപ്പെടുന്നത്. നേരത്തെ 11 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂറെടുത്താണ് പിന്നിട്ടത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്.

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയായാണ് നിയന്ത്രണം. ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും. നാളെ പുതുപ്പള്ളിയിൽ എത്തുന്ന വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു ഉമ്മൻചാണ്ടി(79)യുടെ മരണം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്നലെ തിരവുനന്തപുരത്ത് പൊതുദ‍ർശനത്തിന് വെച്ചിരുന്നു. പുതുപ്പള്ളി ഹൗസ്, ദർബാർ ഹാൾ, പാളയം പള്ളി, കെ പി സി സി ആസ്ഥാനം എന്നിവിടങ്ങളിൽ നടന്ന പൊതുദർശനത്തിൽ നിയന്ത്രണാതീതമായി ആളുകൾ ഒഴുകിയെത്തുകയായിരുന്നു

Post a Comment

أحدث أقدم