കാസർകോട് ശക്തമായ മഴ; ഇന്നും ഓറഞ്ച് അലർട്ട്, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം

(www.kl14onlinenews.com)
(July -04-2023)

കാസർകോട് ശക്തമായ മഴ; ഇന്നും ഓറഞ്ച് അലർട്ട്, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം

കാസർകോട് : ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ട്. ഇന്നലെ ജില്ലയിൽ വ്യാപകമായി ശക്തമായ മഴ ലഭിച്ചു. കാസർകോട് കുഡ്‌ലുവിൽ കഴിഞ്ഞ ദിവസം 120 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയിൽ ജൂൺ മുതലുള്ള മഴ 500 മില്ലിമീറ്റർ പിന്നിട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത് കാസർകോട്ടാണ്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ചു മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനോടു സഹകരിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. അത്യാവശ്യമെങ്കിൽ എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണം.

ഉയർന്ന തിരമാല, ജാഗ്രതാ നിർദേശം

കേരളതീരത്ത് ഇന്നു മുതൽ ചൊവ്വ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സബന്ധനയാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത കുറയ്ക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Post a Comment

Previous Post Next Post