ഒരുനോക്ക് കാണാന്‍ ജനസാഗരം; പ്രിയ നേതാവിന് വിടചൊല്ലി തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക്

(www.kl14onlinenews.com)
(July -19-2023)

ഒരുനോക്ക് കാണാന്‍ ജനസാഗരം; പ്രിയ നേതാവിന് വിടചൊല്ലി തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക്
തിരുവനന്തപുരം:അന്തരിച്ച മുന്‍മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിക്ക് വിടചൊല്ലി തലസ്ഥാനം. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനസാഗരമാണ് ഇന്നലെ മുതല്‍ മണിക്കൂറുകള്‍ കാത്തു നിന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക വിമാനത്തില്‍ ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിച്ചത്. ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളി, കെ പി സി സി ആസ്ഥാനം എന്നിവിടങ്ങളില്‍ നടന്ന പൊതുദര്‍ശനത്തില്‍ നിയന്ത്രണാതീതമായി ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു.

ഇന്ന് രാവിലെ 7.15 ടെ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് മൃതദ്ദേഹവുമായി വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്രയായി കോട്ടയത്തെത്തിക്കുന്നത്. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷമായിരിക്കും ജന്മനാടായ പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുക. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ബെംഗളൂരു ചിന്മയമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 200406, 201116 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേരളം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ സാമാജികനായ ആളുമായിരുന്നു. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു. 1943 ഒക്ടോബര്‍ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി. സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്.

കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം, സ്‌കൂള്‍ അവധി

ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി. കോട്ടയം ജില്ലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ച കഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Post a Comment

Previous Post Next Post