ബംഗളൂരുവില്‍ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്നു; പ്രതികള്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(July -12-2023)

ബംഗളൂരുവില്‍ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്നു; പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. ജോക്കര്‍ ഫെലിക്‌സ് (ശബരീഷ്), വിനയ് റെഡ്ഢി, സന്തോഷ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്‌മണ്യ, സി ഇ ഒ വിനു കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ ജോക്കര്‍ ഫെലിക്‌സാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു.

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ രണ്ട് പേരെയും കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. നോര്‍ത്ത് ബംഗളൂരുവിലെ അമൃതഹള്ളിയില്‍ പമ്പ എക്സ്റ്റന്‍ഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറാണ് എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ജോക്കര്‍ ഫെലിക്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉള്ള ആളാണ് പ്രതി.

ഫെലിക്‌സ് ഉള്‍പ്പടെ മൂന്ന് പേര്‍ അടങ്ങിയ സംഘം ഓഫീസില്‍ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്‌സ് മറ്റൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്‌റോണിക്‌സ് എന്ന കമ്പനി ഈ സ്റ്റാര്‍ട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്‌സ് കരുതി.

ഇതിന്റെ പകയും മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നത് അടക്കമുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.

Post a Comment

Previous Post Next Post