(www.kl14onlinenews.com)
(July -13-2023)
രോഗിയില്ലാത്ത ആംബുലൻസ് സൈറൺ മുഴക്കി വേഗത്തിലോടിച്ച തെലങ്കാനയിലെ ആംബുലൻസ് ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി. സ്നാക്സും കൂൾ ഡ്രിങ്സും കഴിക്കാൻ വേണ്ടിയാണ് ഇയാൾ സൈറൺ മുഴക്കി, മറ്റു വാഹനങ്ങളെയെല്ലാം മറി കടന്ന് ആംബുലൻസ് ഓടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ തെലങ്കാന ഡിജിപിയും വീഡിയോ പങ്കുവെച്ച് രംഗത്തെത്തി. എമർജൻസി സർവീസ് ദുരുപയോഗം ചെയ്തതിനെതിരെ പോലീസ് കർശന മുന്നറിയിപ്പും നൽകി.
സൈറൺ മുഴക്കി പാഞ്ഞെത്തിയ ശേഷം ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്ന ആംബുലൻസ് ഡ്രൈവറെ ഒരാൾ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു കൈയിൽ കൂൾഡ്രിങ്കുമായി നിൽക്കുന്ന ഡ്രൈവറെയാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്. ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായ മറുപടിയും നൽകുന്നുണ്ടായിരുന്നില്ല.
ഈ ആംബുലൻസിൽ രോഗിയുണ്ടായിരുന്നില്ല. ഒരു സ്ത്രീ മുൻവശത്ത് ഡ്രൈവറുടെ തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്നു. സെഞ്ച്വറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആംബുലൻസാണ് ഇതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. എമർജൻസി സർവീസ് ദുരുപയോഗം ചെയ്തത് ചൂണ്ടിക്കാട്ടി ഉന്നത അധികൃതർക്ക് പരാതി നൽകുമെന്ന് ചോദ്യം ചെയ്യാനെത്തിയ വ്യക്തി ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിൽ ഉണ്ട്.
Post a Comment