പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ചൂട്, സിഗ്നല്‍ നല്‍കി എല്‍ഡിഎഫ്; ചാണ്ടി ഉമ്മന്‍-ജെയ്ക് പോരാട്ടത്തിന് കളമൊരുങ്ങുമോ

(www.kl14onlinenews.com)
(July -23-2023)

പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ചൂട്, സിഗ്നല്‍ നല്‍കി എല്‍ഡിഎഫ്; ചാണ്ടി ഉമ്മന്‍-ജെയ്ക് പോരാട്ടത്തിന് കളമൊരുങ്ങുമോ
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍. അഞ്ച് പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയെന്ന് ജനകീയ നേതാവിന്റെ കൈകളില്‍ സുരക്ഷിതമായിരുന്ന മണ്ഡലം തിരിച്ചു പിടിക്കുക എന്ന ദൗത്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുന്നിലുള്ളത്.

സ്ഥാനാര്‍ഥി സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും ഒന്നും വിട്ടു പറയുന്നില്ലെങ്കിലും പിന്നണിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയുട നറുക്ക് വീഴാന്‍ സാധ്യത. മറുപാളയത്തില്‍ ജെയ്ക് സി തോമസിന് മൂന്നാം തവണയും സിപിഎം അവസരം കൊടുക്കുമോയെന്നാണ് മറ്റൊരു ചോദ്യം.

തിരഞ്ഞെടുപ്പും ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെയും എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് നിലപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചാണ്ടി ഉമ്മന്‍ സ്വീകരിച്ചത്. ഏത് ഘട്ടത്തിലും തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയാറാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എല്‍ഡിഎഫിന് ഒരു തവണ മാത്രമാണ് പുതുപ്പള്ളി മണ്ഡലത്തില്‍ വിജയിക്കാനായത്. 1957, 1960 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പി സി ചെറിയാനെയായിരുന്നു മണ്ഡലം തുണച്ചത്. എന്നാല്‍ 1967-ല്‍ ഇ എം ജോര്‍ജിലൂടെ എല്‍ഡിഫ് മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. 1970-ല്‍ ഉമ്മന്‍ ചാണ്ടിയുടെ വരവോട് മണ്ഡലം കോണ്‍ഗ്രസിന് മാത്രം കൈ കൊടുക്കുന്ന സ്ഥിതിയിലേക്ക് മാറി.

എന്നാല്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് അല്‍പ്പം പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 27,000-ന് മുകളിലായിരുന്നു. 2021-ല്‍ എത്തിയപ്പോള്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 8,000 വോട്ടിലേക്ക് കുറയ്ക്കാന്‍ എല്‍ഡിഎഫിനായി. എട്ട് ശതമാനം വോട്ട് വര്‍ധനയും എല്‍ഡിഎഫിന് ലഭിച്ചു.

രണ്ട് തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക് സി തോമസായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ കുത്തനെ ഇടിവുണ്ടാക്കാന്‍ സാധിച്ചത് ജെയ്ക്കിന് മറ്റൊരു അവസരം ലഭിക്കാനുള്ള സാധ്യതകള്‍ നിലനിര്‍ത്തുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ.

ആറ് പഞ്ചായത്തുകള്‍ ഒപ്പമുണ്ടെന്നത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷെ ഉമ്മന്‍ ചാണ്ടിയോടുള്ള ജനവികാരം മറികടക്കാന്‍ മുന്നണിക്ക് കഴിയുമോ എന്നത് ചോദ്യമാണ്. പിടി തോമസിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പാഠങ്ങള്‍ എല്‍ഡിഎഫിന് മുന്നിലുമുണ്ട്.

Post a Comment

Previous Post Next Post