ഇത്തിഹാദ് റെയിലിൽ പ്രതീക്ഷകൾ വാനോളം; എമിറേറ്റുകളുടെ അകലം കുറച്ച് ട്രെയിനുകൾ ഓടിത്തുടങ്ങാറായി

(www.kl14onlinenews.com)
(July -01-2023)

ഇത്തിഹാദ് റെയിലിൽ പ്രതീക്ഷകൾ വാനോളം; എമിറേറ്റുകളുടെ അകലം കുറച്ച് ട്രെയിനുകൾ ഓടിത്തുടങ്ങാറായി
ദുബായ് :യാത്രക്കാരുമായി ഇത്തിഹാദ് റെയിലിന്റെ ചുളം വിളിക്കായി കാതോർത്തിരിക്കുമ്പോൾ ഉദ്ഘാടന യാത്രയെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം ഉയരുകയാണ്. അണിയറ നീക്കങ്ങൾ സജീവമാകുമ്പോൾ എമിറേറ്റുകളുടെ അകലം കുറച്ച് മണലാരണ്യത്തിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങാറായി എന്നുറപ്പിക്കാം.

ഫുജൈറയിൽ ആദ്യ സ്റ്റേഷൻ

പാസഞ്ചറിന്റെ കാത്തിരിപ്പ് അധികം നീളില്ലെന്ന സൂചനകൾ പലയിടത്തും കണ്ടു തുടങ്ങി. യാത്രക്കാർക്കായി ഫുജൈറയിൽ റെയിൽവേ സ്റ്റേഷൻ നിർമിച്ചു കഴിഞ്ഞു. അബുദാബിയിൽ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കുള്ള യാത്രയിൽ പ്രധാനമാണ് ഫുജൈറ സ്റ്റേഷൻ.

ഊബറുമായി കരാർ

യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനും ഊബറുമായി കരാർ ഒപ്പിട്ടു. റെയിൽവേ സ്റ്റേഷനും മറ്റു പൊതുഗതാഗത സംവിധാനവുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ട്രെയിൻ യാത്രക്കാർക്കു മാത്രമായി ഊബർ സർവീസുകൾ ലഭിക്കും. ഒരിടത്തും യാത്ര മുടങ്ങാത്ത നിലയിലാണ് ഗതാഗത സംവിധാനങ്ങളെ കൂട്ടിയിണക്കിയിരിക്കുന്നത്. ദുബായ് മെട്രോ സ്റ്റേഷനുകളെ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് പാർക്ക് ചെയ്തു മെട്രോയിൽ കയറി, റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ ലക്ഷ്യ സ്ഥാനത്ത് എത്തുന്ന സംയോജിത ഗതാഗത പദ്ധതിയാണ് ഒരുങ്ങുന്നത്.

അകലം കുറയും

ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ ഇന്നുവരെ കണ്ട യുഎഇയുടെ മുഖം തന്നെ മാറും. 200 കിലോമീറ്റർ വേഗമാണ് പാസഞ്ചർ ട്രെയിനിനു പറയുന്നത്. അബുദാബിയിൽ നിന്ന് ട്രെയിനിൽ കയറിയാൽ 50 മിനിറ്റിൽ ദുബായിൽ എത്താം. ഇപ്പോൾ കാറിൽ ഒന്നര മണിക്കൂറും ബസിൽ രണ്ടു മണിക്കൂറുമാണ് യാത്രാ സമയം. അബുദാബിയിൽ നിന്ന് ഫുജൈറ എത്താൻ 100 മിനിറ്റ് മതിയാകും. കാർ, ബസ് യാത്രയ്ക്ക് ഇപ്പോൾ 3 മണിക്കൂറാണ് വേണ്ടി വരുന്നത്. എമിറേറ്റുകളിൽ നിന്ന് എമിറേറ്റുകളിലേക്കുള്ള യാത്രാ സമയം പകുതി കുറയുന്നതിനൊപ്പം റോഡിലെ വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഇത്തിഹാദ് റെയിൽ സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിസിസിക്ക് ഒരു വണ്ടി

ഭാവിയിൽ ഫുജൈറയിൽ നിന്ന് ട്രെയിൻ ഒമാനിലേക്കും ഓടിത്തുടങ്ങും. ഇതിനുള്ള നിർമാണ ജോലികൾ തുടങ്ങിയിട്ടുണ്ട്. ജിസിസിയിലെ എല്ലാ രാജ്യങ്ങളെയും റെയിൽവേ ശൃംഖല വഴി ബന്ധിപ്പിക്കലാണ് പദ്ധതിയുടെ അന്തിമ ലക്ഷ്യം. വിമാനത്തിലും റോഡിലൂടെയും നടത്തുന്ന യാത്രകൾ ഭാവിയിൽ പാളം കയറുമെന്ന് ചുരുക്കം. 2030 ആകുമ്പോഴേക്കും റെയിൽ വഴിയുള്ള യാത്രക്കാരുടെ എണ്ണം 3.6 കോടിയിൽ എത്തിക്കുമെന്ന് ഇത്തിഹാദ് റെയിൽ പറയുന്നു. ചരക്കു നീക്കം 6 കോടി ടണ്ണിലും എത്തിക്കും.

വെല്ലുവിളി നിറഞ്ഞ പാത

മരുഭൂമിയിലെ മണലിൽ റെയിൽവേ പാതയെന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. എൻജിനീയറിങ് മികവിലും ഇച്ഛാശക്തിയിലും രാജ്യം ആ വെല്ലുവിളികളെ മറികടന്നു. അബുദാബിയിലെ ഖലീഫ പോർട്ടിനെ പ്രധാന മേഖലയുമായി ബന്ധിപ്പിക്കാൻ ഒരു കിലോമീറ്ററിലേറെ നീളമുള്ള കടൽപ്പാല നിർമാണമായിരുന്നു മറ്റൊരു വെല്ലുവിളി. 4000 ടൺ സ്റ്റീലും 18,300 ക്യുബിക് മീറ്റർ കോൺക്രീറ്റും, 320 തൊഴിലാളികളുടെ 10 ലക്ഷം മണിക്കൂർ കൊണ്ടാണ് കടൽപ്പാലം യാഥാർഥ്യമാക്കിയത്. 120 വർഷത്തെ ആയുസ്പാലത്തിന് എൻജിനീയർമാർ നൽകുന്നു. ചരക്ക് ഗതാഗതത്തിനു റെയിൽപാത സജ്ജമാക്കിയത് ഈ പാലമായിരുന്നു. രാജ്യത്തെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന റെയിൽപാത പ്രധാന തുറമുഖങ്ങളെയും ചരക്കു സംഭരണ കേന്ദ്രങ്ങളെയും കോർത്തിണക്കിയാണ് കടന്നു പോകുന്നത്.

ഓടിത്തുടങ്ങിയ ചരക്കു വണ്ടി

120 കിലോമീറ്ററാണ് ഗുഡ്സ് ട്രെയിനിന്റെ വേഗം. കൂറ്റൻ കണ്ടെയ്നറുകൾ അടക്കം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.

2 കോടി ടൺ ചരക്ക് ഈ വർഷം കൊണ്ടു പോകുമെന്നാണ് കണക്കാക്കുന്നത്. ഒരു ചരക്ക് ട്രെയിൻ 300 ചരക്ക് ലോറികളെ റോഡിൽ നിന്ന് ഇല്ലാതാക്കുമെന്നാണ് കണക്ക്. ഒരു പാസഞ്ചർ ട്രെയിൻ ഇല്ലാതാക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വരും.

Post a Comment

Previous Post Next Post