രോഗം സ്ഥിരീകരിച്ചതോടെ സബീഷും ഷീനയും മാനസികമായി തകർന്നു

(www.kl14onlinenews.com)
(July -08-2023)

രോഗം സ്ഥിരീകരിച്ചതോടെ സബീഷും ഷീനയും മാനസികമായി തകർന്നു
മലപ്പുറത്ത് നാലം​ഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ച സംഭവം സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിമായി ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്ന കുടുംബത്തിൻ്റെ ആത്മഹത്യയ്ക്കുൃള്ള കാരണം എന്താണെന്ന് അറിയാതെ ബന്ധുക്കളും പരിഭ്രാന്തിയിലായിരുന്നു. അതിനിടയിലാണ് ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി എന്ന ഡിഎംഡിയാണ് കുടുംബത്തിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന സംശയം ഉയരുന്നത്. സബീഷിൻ്റെയും ഷീനയുടെയും മൂത്ത കുട്ടിക്ക് കഴിഞ്ഞ മാസം ഡിഎംഡി സ്ഥിരീകരിച്ചിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.

ഗുരുതരമായ രോഗാവസ്ഥയാണ് ഡിഎംഡി. പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന അസുഖത്തിൻ്റെ സ്വഭാവം. മൂത്തകുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇളയകുട്ടിക്കും പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഇളയ കുട്ടിക്കും അസുഖത്തിൻ്റെ സാധ്യത കണ്ടെത്തിയതോടെ സബീഷും ഷീനയും മാനസികമായി തകർന്നിരുന്നു എന്നാണ് വിവരങ്ങൾ. ഇളയ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്ക് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു സബീഷിൻ്റെ കുടുംബം കഴിഞ്ഞിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

രണ്ടു ധനകാര്യ സ്ഥാപനങ്ങളിലെ മാനേജർമാരായി പ്രവർത്തിക്കുന്ന ദമ്പതികൾക്ക് സാമ്പത്തികമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിന് മുൻപ് വരെ സബീഷിൻ്റെ മാതാപിതാക്കൾ ഈ വീട്ടിലുണ്ടായിരുന്നു. കുട്ടികളെ നോക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ എത്തിയത്. മാതാപിതാക്കളെ വീട്ടിൽ കൊണ്ടുപോയി ആക്കിയതിനു ശേഷമായിരുന്നു ഇവർ മരണത്തിന് തയ്യാറെടുത്തത്. കണ്ണൂരിലെ എസ്ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഇതിൻ്റെ തിരക്കുകൾ പറഞ്ഞാണ് സബീഷ് മാതാപിതാക്കളെ വീ്ടിലേക്ക് തിരിച്ചയച്ചത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദിന്റെ സ്കൂൾ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

മുറികൾക്കുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സബീഷിനെയും ഷീനയേയും കണ്ടെത്തിയത്. ഇരുവരും രണ്ടു മുറികളിലായിട്ടായിരുന്നു തൂങ്ങി നിന്നിരുന്നത്. അതേസമയം കുട്ടികൾ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സബീഷ് തൂങ്ങി മരിച്ച മുറിയിൽ കട്ടിലിൽ മരിച്ച നിലയിലാണ് ശ്രീവർധനെ കണ്ടെത്തിയത്. ഹരിഗോവിന്ദിൻ്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു. കട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.

സബീഷിനേയും ഷീനയേയും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിക്കാത്തതാണ് ബന്ധുക്കളുടെ അന്വേഷണത്തിന് കാരണമായത്. ബന്ധുക്കൾ ദമ്പതികളെ പല തവണ ഫോണിൽ വിളിച്ചിരുന്നു. കിട്ടാതായതോടെ വിവരം പൊലീസിൽ അറിയിക്കുകയായായിരുന്നു എന്നാണ് വിവരം. പൊലീസെത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതോടെയാണ് സംശയം ഉടലെടുത്തത്. തുടർന്ന് പിറക് വശത്തെ ഗ്രിൽ വഴിയാണ് പൊലീസ് അകത്തുകടന്നതും മൃതദേഹങ്ങൾ കണ്ടതും

Post a Comment

Previous Post Next Post