(www.kl14onlinenews.com)
(July -04-2023)
കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. പൊള്ളലേറ്റ സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ മകന്‍ ദക്ഷന്‍ തേജിനും പൊള്ളലേറ്റു. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം രജീഷിന്റെ സഹോദരനായ രഞ്ജിത്ത് (42) ആത്മഹത്യ ചെയ്യുകയായിരുന്നു. അനുജനേയും കുടുംബത്തേയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. രഞ്ജിത്തും രജീഷും ആശാരിപണിക്കാരാണ്. രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് അനുജനുമായി തർക്കമുണ്ടാകുകയായിരുന്നു എന്നാണ് വിവരം. കുടുംബപ്രശ്‌നങ്ങളാണ് തർക്കത്തിനും തുടർന്ന് അതിക്രമത്തിലേക്കും നയിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകൾ. രഞ്ജിത് വീട്ടിലെത്തിയ സമയത്ത് വീട്ടിലെ ഡൈനിംഗ് ഹാളിലിരുന്ന് രജീഷും കുടുംബവും ഭക്ഷണം കഴിക്കുകയായിരുന്നു. ഇവരോട് വഴക്കിട്ട ശേഷം രഞ്ജിത്ത് വീട്ടിൽ നിന്ന് മണ്ണെണ്ണയെടുത്ത് വീശിയൊഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രജീഷിൻ്റേയും കുടുംബത്തിൻ്റെയും പുറത്തുൾപ്പെടെ മണ്ണെണ്ണ തെറിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത് തീകൊളുത്തുകയും ചെയ്തു. മണ്ണെണ്ണ ദേഹത്ത് പറ്റിയതിനാൽ രജീഷിനും ഭാര്യയ്‌ക്കും മകനും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
വീട്ടിൽ തീയും പുകയും കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. തുടർന്ന് രജീഷിനേയും കുടുംബത്തേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരിശമാധനയിൽ ഇവരുടെ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് രജീഷിനേയും കുടുംബത്തേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രഗിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ബഹളത്തിനിടയിൽ രഞ്ജിത് വീടിടുള്ളിലെ കിടപ്പു മുറിയിൽ കയറി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. രജീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന തിരക്കായതിനാൽ ആ സമയം നാട്ടുകാർ രഞ്ജിത്തിനെ ശ്രദ്ധിച്ചിരുന്നില്ല.
ഇതിനിടെ രഞ്ജിത്തിനെ കാണാതായതോടെ തിരക്കിയെത്തിയ ചിലരാണ് കിടപ്പുമുറിയിൽ അയാൾ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഓടിയെത്തിയ പ്രദേശവാസികൾ ഉടൻതന്നെ രഞ്ജിത്തിനെ അഴിച്ചിറക്കി കൂത്തുപറമ്പിലെ താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ രഞ്ജിത് മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment