(www.kl14onlinenews.com)
(July -25-2023)
ഗ്വാളിയോർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലേക്കു പോയി ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ച രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ്. ‘ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. അഞ്ജുവും പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയുമായി വിവാഹം കഴിഞ്ഞെന്ന റിപ്പോർട്ട് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചുവെന്നും മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ബൗന ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഗയാ പ്രസാദ് തോമസ് പറഞ്ഞു. ‘‘രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല. അവളുടെ മക്കൾക്കും ഭർത്താവിനും എന്ത് സംഭവിക്കും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആരാണ് പരിപാലിക്കുക? മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ തകർത്തു’’– അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇതുസംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ജുവിനെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹം മറുപടി നൽകി. ‘‘ഞാൻ പ്രാർഥിക്കുന്നു, അവൾ അവിടെ മരിക്കട്ടെ’’ – അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാം മതം സ്വീകരിച്ചതിനുശേഷം അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചുവെന്നും ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Post a Comment