(www.kl14onlinenews.com)
(July -17-2023)
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ ബസ് കയറ്റിയിടുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍. കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും മാനന്തവാടിയിലെ സ്വകാര്യ ബസ് ജീവനക്കാരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ നോക്കിനില്‍ക്കേ തമ്മില്‍ത്തല്ലിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കല്‍പറ്റ മാനന്തവാടി റൂട്ടിലോടുന്ന ആദിത്യ ബസും, മാനന്തവാടി- വാളാട് റൂട്ടിലേക്ക് സര്‍വീസ് നടത്താനെത്തിയ കെഎസ്ആര്‍ടിസി ബസും സ്റ്റാന്‍ഡില്‍ ഒഴിവുള്ള ഏക ട്രാക്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇരു ബസ്സുകളും പരസ്പരം ഉരസുകയും തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസിന് സമീപമെത്തി ജീവനക്കാരോട് തര്‍ക്കിക്കുകയുമായിരുന്നു.
സംഭവത്തില്‍ ഇരുപക്ഷത്ത് നിന്നുള്ള കൂടുതല്‍ ജീവനക്കാര്‍ എത്തിയതോടെ വാക്കേറ്റം അടിയിലേക്കും കൂട്ടത്തല്ലിലേക്കും വഴി മാറുകയായിരുന്നു. ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും മറ്റു ബസ് ജീവനക്കാരും യാത്രക്കാരും സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിടിച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇരുവിഭാഗത്തോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതിയില്ലെന്നറിയിച്ച ഇരുവിഭാഗവും പ്രശ്നം പറഞ്ഞു തീര്‍ക്കുകയാണ് ചെയ്തത്. അതേസമയം പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് മാനന്തവാടി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Post a Comment